കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ഫോൺസംഭാഷണം പുറത്ത്. സംഭവത്തിൽ പരാതി ഉയർന്നഘട്ടത്തിൽ വിജയ് ബാബു അതിജീവിതയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോൺസംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ശബ്ദശകലമാണ് പുറത്തുവന്നിരിക്കുന്നത്.

പരാതി പുറത്തറിഞ്ഞാൽ താൻ മരിക്കുമെന്നും പോലീസുകാർ ഇത് ആഘോഷിക്കുമെന്നും വിജയ് ബാബു സംഭാഷണത്തിൽ പറയുന്നുണ്ട്. താൻ വന്ന് കാലുപിടിക്കാമെന്നും അതിജീവിത തന്നെ തല്ലിക്കോട്ടെയെന്നും വിജയ് ബാബു സംഭാഷണത്തിൽ പറയുന്നു.

ഫോൺ സംഭാഷണം ഇങ്ങനെ:-

വിജയ് ബാബു: ഞാൻ പറയുന്നത് അഞ്ച് മിനിറ്റ് കേൾക്കണം. ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല. ഇത് ഞാൻ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛൻ പോയിട്ട് കുറച്ചുനാളേ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാൻ പറയുന്നത് ഒന്ന് കേൾക്കണം.

ഞാൻ ഈ കുട്ടിക്ക് നല്ലതുമാത്രമേ ചെയ്തിട്ടുള്ളൂ. ‘യൂ തിങ്ക് അബൗട്ട് മൈ മദർ , യൂ തിങ്ക് അബൗട്ട് ഹെർ മദർ’ ഇത് വെളിയിൽ പോയാൽ പോലീസുകാർ സെലിബ്രേറ്റ് ചെയ്യും. അവരുടെ സ്വഭാവം എനിക്കറിയാം.

അതിജീവിതയുടെ ബന്ധു: എനിക്കും അതിന്റെ അവസ്ഥകൾ അറിയാം. നിങ്ങൾ അവളെ ട്രിഗർ ചെയ്തു. അവളുടെ കൈയിൽനിന്ന് പോയി കാര്യങ്ങൾ.

വിജയ് ബാബു: എനിക്ക് മനസിലായി, ഞാൻ ട്രിഗർ ചെയ്തു. അത് സത്യമാണ്. പക്ഷേ, അതിന് പരിഹാരമുണ്ട്. ഞാൻ മാപ്പ് പറയാം. ഞാൻ വന്ന് കാലുപിടിക്കാം. അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്‌തോട്ടെ, പക്ഷേ, ഇത് വെളിയിൽ നാട്ടുകാർ സെലിബ്രേറ്റ് ചെയ്യാൻ സമ്മതിക്കരുത്. ഞാൻ ട്രിഗർ ചെയ്തു, സമ്മതിച്ചു. അതിന് സൊലൂഷൻ ഇല്ലേ. അതിന് പോലീസ് കേസാണോ, നാളെ അമ്മയ്ക്കും അച്ഛനും വെളിയിൽ ഇറങ്ങി നടക്കാൻ പറ്റുമോ,

അതിനിടെ, നടിയെ പീഡിപ്പിച്ച കേസിൽ തിങ്കളാഴ്ച വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം വിജയ്ബാബുവിനെ പോലീസ് വിട്ടയക്കും. നേരത്തെ കേസിൽനിന്ന് പിന്മാറാൻ വിജയ്ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബന്ധു വഴി അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ സംഭാഷണവും പുറത്തുവന്നിരിക്കുന്നത്.