കൊല്ലം : കടലില്‍ നങ്കൂരമിട്ട് ആളില്ലാത്ത പായ്ക്കപ്പല്‍, ഏറെ ആശങ്കപരത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തു.

ഇതില്‍ സഞ്ചരിച്ച നെതര്‍ലന്‍ഡ്സ് സ്വദേശിയും ഡൈവിങ് വിദഗ്ധനുമായ െജറോണ്‍ എല്യൂട്ട് (47) കൊല്ലം തുറമുഖത്തെത്തിയിരുന്നു. ഇദ്ദേഹത്തെ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണവിഭാഗങ്ങള്‍ ചോദ്യംചെയ്തു. യാത്രാരേഖകളെല്ലാം കൈവശമുള്ളതിനാല്‍ സംശയകരമായി ഒന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം ലഭിച്ചിരിക്കുന്നത്.

കൊല്ലം തുറമുഖത്തുനിന്നും 200 മീറ്റര്‍ അകലെയാണ് ആളില്ലാതെകിടന്ന പായ്ക്കപ്പല്‍ പട്രോളിങ്ങിനിടെ കോസ്റ്റല്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കപ്പലില്‍നിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കസ്റ്റംസ് സൂപ്രണ്ട് പറഞ്ഞു. ആറുമാസമായി കൊച്ചി കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഡൈവിങ് പരിശീലനം നല്‍കിവരികയായിരുന്നു ജെറോണ്‍. ഇതിനുള്ള അനുമതിയുണ്ടായിരുന്നു. ഗോവ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും മുമ്ബ് പരിശീലനം നല്‍കിയിട്ടുണ്ട്. ഫ്രീ ഡൈവിങ് കോച്ച് അസോസിയേഷന്‍ സ്ഥാപകനാണ്.