കൊല്ലം.ഒന്നരയടി ഉയരമുള്ള തിണ്ണയില്‍ നിന്നും വീണ് മുറിവേറ്റ് മരണം, കടയ്ക്കലിലെ ഹോട്ടല്‍ ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം. ജോലി ചെയ്യുന്ന ഹോട്ടലിന്റെ മുകള്‍ നിലയിലെ മുറിയില്‍ നിന്ന് ഒന്നരയടി മാത്രം താഴ്ചയുള്ള ടെറസിലേക്ക് വീണാണ് പരവൂര്‍ സ്വദേശി വിഷ്ണു(28) മരിച്ചതെന്നാണ് സാക്ഷികള്‍ പറയുന്നത്. മരണത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി.

വിഷ്ണു
വിഷ്ണുമരിച്ചു കിടന്ന സ്ഥലം

കൊല്ലം പരവൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ടു ദിവസം മുൻപാണ് കടയ്ക്കലിലെ ഹോട്ടലില്‍ വിഷ്ണു ജോലിക്കെത്തിയത്. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ വിഷ്ണുവിന് അപകടം പറ്റിയെന്ന അറിയിപ്പ് ഹോട്ടല്‍ അധികൃതര്‍ പരവൂരിലുള്ള അമ്മയ്ക്ക് നല്‍കി. നിമിഷങ്ങള്‍ക്കകം വിഷ്ണു മരിച്ചെന്നും അറിയിച്ചു.


ഹോട്ടലിന്റെ മുകള്‍ നിലയിലാണ് തൊഴിലാളികളുടെ താമസം. താമസിക്കുന്ന മുറിയുടെ മുന്‍ വശത്തായി ഒന്നരയടി താഴ്ചയിലാണ് ടെറസ്. ഇവിടെ വീണാണ് വിഷ്ണു മരിച്ചതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. ടെറസില്‍ ഉപക്ഷിച്ചിരുന്ന പഴയ ടെലിവിഷന്റെ പിക്ചര്‍ ട്യൂബ് വിഷ്ണുവിന്റെ കാല്‍മുട്ടില്‍ കുത്തിക്കയറി രക്തം വാര്‍ന്ന് മരിച്ചെന്നാണ് വിശദീകരണം. എന്നാല്‍ ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ വിഷ്ണുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറല്ല.

രണ്ട് മലയാളികളും രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും വിഷ്ണുവിനൊപ്പം മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ വിഷ്ണുവിന് അപകടം പറ്റിയ കാര്യം അറിയാന്‍ വൈകിയെന്നാണ് ഇവരുടെ മൊഴി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമേ മരണകാരണത്തില്‍ വ്യക്തത വരുത്താന്‍ കഴിയൂ എന്നാണ് പൊലീസ് നിലപാട്