തിരുവനന്തപുരം.ജോസ് കെ മാണി രാജിവച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.. നവംബര്‍ 29 ന് തെരഞ്ഞെടുപ്പും വോട്ടെണ്ണലും നടക്കും.. സീറ്റിന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ അവകാശവാദം ഉന്നയിച്ചു.. സീറ്റിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഇടതുമുന്നണി യോഗത്തില്‍ ഉണ്ടാകുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു

ഈ വര്‍ഷം ജനുവരി ഒന്‍പതിനാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചത്.. കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് മാറിയതിന് പിന്നാലെയായിരുന്നു യുഡിഎഫിന്റെ ഭാഗമായി നിന്ന് നേടിയ എംപി സ്ഥാനത്ത് നിന്നുള്ള രാജി.. രാജ്യസഭാ സീറ്റ് ഒഴിവ് വന്ന് പതിനൊന്ന് മാസത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.. നവംബര്‍ ഒന്‍പതിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കും.. 16 നാണ് പത്രികാസമര്‍പ്പണം.. എല്‍ഡിഎഫിന് ജയം ഉറപ്പുള്ള സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ നല്‍കാനാണ് സാധ്യത.. രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ച് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്തെത്തി.. മത്സരിക്കാനുള്ള സാധ്യതയും ജോസ് തള്ളുന്നില്ല…

നേരത്തെ എല്‍ജെഡി അധ്യക്ഷനായിരുന്ന എംപി വീരേന്ദ്രകുമാര്‍ സമാനമായ രീതിയില്‍ മുന്നണി മാറി എല്‍ഡിഎഫിലെത്തിയപ്പോള്‍ രാജ്യസഭാംഗത്വം രാജിവയ്ക്കുകയും ഒഴിവ് വന്ന സീറ്റ് അവര്‍ക്ക് തന്നെ നല്‍കുകയും ചെയ്തിരുന്നു.. ഇതേ മാനദണ്ഡം തന്നെയാകും ഇത്തവണയും സ്വീകരിക്കുക… സീറ്റ് സംബന്ധിച്ച് ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് മുന്നണി കണ്‍വീനര്‍ കൂടിയായ എ വിജയരാഘന്‍ പറഞ്ഞു.. ജനുവരിയില്‍ ഒഴിവ് വന്ന സീറ്റിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ വൈകുന്നത് ഏറെ വിവാദമായിരുന്നു.. ഇതിനിടയില്‍ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 30 ന് തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.. ഒഴിവുള്ള സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ഇടത് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.