എടത്വാ: ലോട്ടറി വിൽപ്പനക്കാരനെ കാർ ഇടിപ്പിച്ച് പേഴ്സ് തട്ടിയെടുത്ത പ്രതികൾ തിരുവനന്തപുരം കാട്ടാക്കട വെച്ച് എടത്വാ പോലീസിന്റെ പിടിയിൽ.


തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മേൽ അഭിലാഷ് (30), സുരേഷ് ഭവനിൽ ജോൺ (കണ്ണൻ-28), പുത്തൻ വീട്ടിൽ ലിനു (ബിനുക്കുട്ടൻ-44) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. എടത്വാ അമ്പ്രമൂലയിൽ വെച്ച് കാറിലെത്തിയ മൂവർ സംഘം ലോട്ടറി വിൽപ്പനക്കാരനായമിത്രക്കരി കൈലാസം ഗോപകുമാറിനെ (53) കാർ ഇടിപ്പിച്ച ശേഷം പേഴ്സ് തട്ടിയെടുത്ത് കടന്നുകളഞ്ഞിരുന്നു. സിസി റ്റിവി ദൃശ്യം പരിശോധിച്ച പോലീസ് ആലപ്പുഴ പെട്രോൾ പമ്പിൽ എത്തിയതായി സൂചന ലഭിച്ചു. ജില്ല പോലീസ് മേധാവിയുടെ നീയന്ത്രണത്തിലുള്ള പോലീസ് കൺട്രോൾ ക്യാമറയിൽ ഓച്ചിറ ഭാഗത്തുവെച്ച് കാറിന്റെ ചിത്രം പതിഞ്ഞു.

ജില്ല പോലീസ് മേധാവി ജി. ജയദേവിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന സ്പെഷ്യൽ സ്ക്വോഡിന് നിർദ്ദേശം കൈമാറി. സ്പെഷ്യൽ സ്ക്വോഡിന്റെ അന്വഷണത്തിൽ കാർ തിരുവനന്തപുരം കാട്ടാക്കട ഭാഗത്ത് നിന്ന് കണ്ടെത്തി. ഡിവൈഎസ്പി സുരേഷ് കുമാർ എസ്.റ്റിയുടെ നേത്യത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വഷണത്തിൽ ബുധനാഴ്ച രാത്രി 8.30 ഓടെ പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പ്രതികളേയും പോലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നിൽ കർട്ടൻ ഇട്ടിരുന്നതാണ് പിടികൂടാൻ സഹായിച്ചത്.


കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 6.30 – നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാറിലെത്തിയ സംഘം ഗോപകുമാറിനോടെ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് തിരക്കി. ഇല്ലന്ന് പറഞ്ഞതോടെ കാറിലെത്തിയവർ അല്പ ദൂരം മുന്നോട്ട് പോയിട്ട് തിരികെ വന്നു. എടത്വാ ജംഗ്ഷനിലേക്കാണെങ്കിൽ കറിൽ കയറിയാൽ അവിടെ വിടാമെന്ന് അറിയിച്ചതിനെ തുടർന്ന് ഗോപകുമാർ കാറിൽ കയറി. അൽപത് മീറ്റർ ദൂരെ എത്തിയപ്പോൾ വിജനമായ സ്ഥലത്തുവെച്ച് ഗോപകുമാറിനെ പുറത്തേയ്ക്ക് വലിച്ചിട്ടു. എതിർക്കാൻ ശ്രമിച്ച ഗോപകുമാറിനെ ഇടിച്ചു വീഴ്ത്തി മൂവരും കടന്നു കളഞ്ഞിരുന്നു.


ഗോപകുമാറിന്റെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇയാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ ഇന്ന് കോടതിയിൽ ഹാരാ ക്കും. സി ഐ ആനന്ദ ബാബുവിന്റെ നേതൃത്വത്തിൽ എടത്വാ എസ് ഐ ഷാംജി, സീനിയർ സിപിഒ ഗോപൻ, സിപിഒമാരായ പ്രേംജിത്ത്, ശ്യംകുമാർ, സനീഷ് എന്നിവരാണ് അന്വഷണം നടത്തിയത്.