തിരുവനന്തപുരം . പുരാവസ്തു തട്ടിപ്പ് കേസിൽ ഡി ജി പി അനിൽ കാന്തിൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.ഡിജിപിയായ ശേഷം മോൻസൺ മാവുങ്കലുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. മുൻ ഡിജിപി ലോക് നാഥ് ബഹ്റയുടേയും അനിത പുല്ലയിലിൻ്റേയും മൊഴിയിൽ വൈരുദ്ധ്യം എന്നും ക്രൈംബ്രാഞ്ച്. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചു.

പുരാവസ്തു തട്ടിപ്പ് കേസിലാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്‍റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. ഡിജിപിയായി ചുമതലയേറ്റ ശേഷം അനിൽകാന്തുമായി മോൻസൻ മാവുങ്കൽ പൊലീസ് ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തുകയും ഉപഹാരം നല്‍കുകയും ചെയ്തിരുന്നു. തട്ടിപ്പ് കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു മോൻസൻ മാവുങ്കൽ ഡിജിപിയെ സന്ദർശിച്ചത്.

അനിൽകാന്തും മോൻസനുമായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് അനിൽകാന്തിൽ നിന്നും വിശദീകരണം നൽകിയത്. പൊലീസ് മേധാവിയായ ശേഷം നിരവധിപ്പേർ സന്ദർശിച്ചിരുന്നുവെന്നും പ്രവാസി സംഘടനകളുടെ പ്രതിനിധിയെന്ന നിലയിൽ മോന്‍സന്‍ വന്നു കണ്ടുവെന്നുമാണ് അനിൽകാന്ത് ക്രൈംബ്രാഞ്ചിന് വിശദീകരണം നൽകിയത്. മോൻസണിന് എതിരെ ഇന്‍റലിജന്‍സ് റിപ്പോർട്ട് അടക്കം നിലനിൽക്കെ എങ്ങനെയാണ് പോലീസ് ആസ്ഥാനത്ത് സുഗമമായി കയറിയെന്നത് എന്നത് ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്.

              അതേ സമയം   മുൻ ഡിജിപി ലോക് നാഥ് ബഹ്റയുടെയും അനിത പുല്ലിയിലിൻ്റെയും മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിലും വിശദമായ അന്വേഷണം ഉണ്ടാകും. ഐജി ലക്ഷമണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൻസൻ തങ്ങിയിട്ടുണ്ടെന്നും  ക്രൈംബ്രാഞ്ച് കണ്ടെത്തി. പേരൂർക്കട പൊലീസ് ക്ലബിലും മോൻസന് ആതിഥേയത്വം നൽകിയിരുന്നു. രണ്ടുപ്രാവശ്യം ഐജി ലക്ഷമണയുടെ അതിഥിയായി വിഐപി റൂമിൽ മോൻസന്‍ തങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഐജി ലക്ഷണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ആരോപണ വിധേനയായ ഡി ഐ ജി സുരേന്ദ്രൻ്റെയും മൊഴി രേഖപ്പെടുത്തീട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ  സമർപ്പിച്ചു.

ഉന്നത ഉദ്യോഗസ്ഥരുടെ മൊഴി അടക്കമുള്ള വിവരങ്ങളും റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്.
വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതായിയാണ് വിവരം.
ഒരു തട്ടിപ്പ് കേസിൽ ആദ്യമായാണ് പൊലീസ് മേധാവിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്.