അടൂര്‍. ഒരിടവേളയ്ക്കു ശേഷം അടൂരിൽ വാഹനം കത്തിക്കൽ കേസുകൾ വീണ്ടും. അടൂർ നെല്ലിമൂട്ടിപടിയിൽ പഴവർഗ്ഗ കച്ചവടത്തിന് ഉപയോഗിച്ചിരുന്ന ഉന്തുവണ്ടിയാണ് കഴിഞ്ഞദിവസം തീ ഇട്ടു നശിപ്പിച്ചത്.സംഭവത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും അടൂർ പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല .

അടൂർ നെല്ലിമൂട്ടിപ്പടി ഭാഗത്ത് നാലുവർഷമായി പഴവർഗ്ഗങ്ങൾ കച്ചവടം നടത്തുന്ന അബൂബക്കറിന്റെ ഉന്തുവണ്ടിക്കാണ് ഞായറാഴ്ച പുലർച്ചേ നാലുമണിയോടെ തീ ഇട്ടത്. അടൂർ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഉരുട്ടുവണ്ടിയിൽ ഉണ്ടായിരുന്ന നാൽപ്പതിനായിരം രൂപയോളം വില വരുന്ന പഴവർഗ്ഗങ്ങൾ മോഷ്ട്ടിച്ചതിനുശേഷമാണ് ഉരുട്ടുവണ്ടി കത്തിച്ചതെന്ന് അബൂബക്കർ പറഞ്ഞു.

വണ്ടിയിൽ ഉണ്ടായിരുന്ന കുടകളും മറ്റു സാധനങ്ങളും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന പോസ്റ്റിലേക്കും ലൈൻ കമ്പിയിലേക്കും മരത്തിലേക്കും തീ ആളിപ്പടർന്നു. കൃത്യസമയത്ത് ഫയർഫോഴ്സ് സംഘം എത്തി രക്ഷാപ്രവർത്തനം നടത്തിയത് കൊണ്ടാണ് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കാതിരുന്നത്.
. ഇത് രണ്ടാം തവണയാണ് കടയ്ക്ക് തീ ഇടുന്നതെന്ന് അബൂബക്കർ പറയുന്നു. രണ്ടുമാസം മുൻപ് അടൂർ ബൈപ്പാസിൽ ഉള്ള അബൂബക്കറുടെ മകളുടെ കടയിൽ നിന്ന് സമാനരീതിയിൽ പഴവർഗ്ഗങ്ങൾ മോഷണം പോയിരുന്നു. പോലീസിൽ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ വന്നതോടെ ഇവർ പിന്നീട് ഈ കട ഉപേക്ഷിച്ചു.

ഇപ്പോൾ വീണ്ടും മോഷണവും ഒപ്പം ഉരുട്ടുവണ്ടിക്ക് തീയിടുകയും കൂടി ചെയ്തിട്ടും ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസിന് പ്രതികളെ പിടികൂടാൻ സാധിച്ചിട്ടുമില്ല.ഒരു മാസം മുൻപും അടൂർ നഗരത്തിൽ നിരവധി വാഹനങ്ങൾക്ക് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ തീ വച്ച് നശിപ്പിച്ചിരുന്നു.