തൃശൂർ∙ നാടിനെ നടുക്കിയ ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. സ്വന്തം മകൾ തന്നെ അമ്മയെ കൊലപ്പെടുത്തി എന്ന വാർത്ത.

ഓ​ഗസ്റ്റ് പതിനെട്ടിന് വൈകിട്ടാണ് കുന്നംകുളം കീഴൂർ സ്വദേശി രുഗ്മിണിയെ(58) ഛർദ്ദി കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനയിൽതന്നെ വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർ പറ‍ഞ്ഞു. വിദഗ്ധ ചികിൽസയ്ക്കായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ ചെന്നപ്പോഴും ഡോക്ടർമാർ വിഷാംശത്തിന്റെ കാര്യം ആവർത്തിച്ചു. ഛർദ്ദി നിൽക്കുന്നില്ല. അവശയായ രുഗ്മിണി ഇന്ദുലേഖയോട് ചോദിച്ചു – ‘‘മോളേ നീ വല്ല വിഷവും എനിക്ക് കലക്കിത്തന്നോ..’’.

‘‘മരണക്കിടക്കയിലാണ്. അതോർത്ത് സംസാരിച്ചോ..’’ മുലപ്പാലൂട്ടി വളർത്തിയ മകൾ ക്രൂരമായ ഈ വാക്കുകൾ കൊണ്ട് അമ്മയെ അവസാന സമയത്തും വിഷമിപ്പിച്ചു. ഇതെല്ലാം കേട്ട് രുഗ്മിണിയുടെ ഭർത്താവ് ചന്ദ്രൻ അടുത്തുണ്ടായിരുന്നു. മകളുടെ ഈ വാക്കുകൾ ചന്ദ്രൻ പൊലീസിനോട് പറഞ്ഞു. ‘‘അമ്മ മരിക്കാൻ പോകുന്നുവെന്ന് എങ്ങനെ മനസിലായി?..’’ പൊലീസ് ഇന്ദുലേഖയോട് ആവർത്തിച്ചു ചോദിച്ചു. അമ്മയുടെ മോശമായ ആരോഗ്യ അവസ്ഥ കണ്ടപ്പോൾ വെറുതെ പറഞ്ഞതാണെന്നായിരുന്നു മറുപടി.

‘‘അമ്മ ഒരു പായ്ക്കറ്റ് കളയാൻ ഏൽപിച്ചുണ്ട് മുത്തച്ഛാ. അതിൽ എലിവിഷമെന്ന് എഴുതിയിട്ടുണ്ട്’’– കൊച്ചുമകൻ ചന്ദ്രനോട് പറഞ്ഞു. എന്തിനാണ് നീ എലിവിഷം കളയാൻ മകനെ ഏൽപിച്ചതെന്ന് അച്ഛൻ ചോദിച്ചപ്പോൾ, അത് വീട്ടിൽ എലിശല്യമുള്ളതിനാൽ കളയാനാണെന്നായിരുന്നു ഇന്ദുലേഖയുടെ മറുപടി. ബാക്കി എലിവിഷം മകൻ വീട്ടിൽ വച്ചിരുന്നു. ഇതു പിന്നീട്, പൊലീസിൻറെ തെളിവെടുപ്പിൽ കണ്ടെടുക്കുകയും ചെയ്തു.

കൊല്ലാൻ ‘വേറെയും ഐഡിയ’

ഇന്ദുലേഖ ഒരിക്കൽ കുന്നംകുളം നഗരത്തിൽ വന്നു മടങ്ങുമ്പോൾ ഒരു ഓട്ടോറിക്ഷയിൽ കയറി. പരിചയമുള്ള ഓട്ടോക്കാരനായിരുന്നു അത്. എവിടെയായിരുന്നു ഓട്ടമെന്ന് ചോദിച്ചപ്പോൾ ഡ്രൈവർ പറഞ്ഞു.‘‘പനിയുടെ ഡോളോ ഗുളിക കുറേ കഴിച്ച് അവശനായ ആളെ കൊണ്ടുവന്നതാണ്. ജീവനൊടുക്കാൻ ചെയ്തതാണെന്നു തോന്നുന്നു. ആൾക്ക് സീരിയസാണ്’’. ഇതുകേട്ട ഇന്ദുലേഖ നേരെ മെഡിക്കൽ ഷോപ്പിൽ പോയി ഒട്ടേറെ ഗുളികകൾ വാങ്ങി. ഈ ഗുളികകളെല്ലാം അരച്ചു പൊടിയാക്കി അച്ഛനും അമ്മയ്ക്കും ഭക്ഷണത്തിൽ കലർത്തി കൊടുത്തു. ഭക്ഷണത്തിനു കയ്പ് അനുഭവപ്പെട്ടപ്പോൾ ഇരുവരും അതു കഴിച്ചില്ല. രണ്ടു മാസം മുമ്പായിരുന്നു ഇത്.

പാറ്റയെയും ഉറുമ്പിനെയും തുരത്താൻ ഉപയോഗിക്കുന്ന വെള്ള നിറത്തിലുള്ള ‘ചോക്ക്’ നഖം കൊണ്ട് ചുരണ്ടി ചായയിൽ കലർത്തി അച്ഛനു നൽകി. ചായയുടെ രുചി മോശമായതിനാൽ അന്നും അച്ഛൻ അത് കഴിച്ചില്ല.

സ്മാർട് ഫോണിൽ എന്തു ചെയ്താലും ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ അത് വീണ്ടെടുക്കാം. ഒട്ടുമിക്ക കേസുകളിലും പൊലീസ് പയറ്റുന്ന പുതിയ അടവാണ് ‘സെർച്ച് ഹിസ്റ്ററി’. ആരെങ്കിലും ആത്മഹത്യ ചെയ്താലോ കൊല്ലപ്പെട്ടാലോ കുറ്റവാളിയെന്നു സംശയം തോന്നിയാലോ ‘സെർച്ച് ഹിസ്റ്ററി’ പരിശോധിക്കും. ‘നിരപരാധിയാണ്, ഒന്നുമറിയില്ല’ എന്ന ഇന്ദുലേഖയുടെ ആവർത്തിച്ചുള്ള മറുപടികൾ കേട്ടപ്പോൾ പൊലീസ് ഫോൺ വാങ്ങി പരിശോധിച്ചു. ‘ഡേയ്ഞ്ചറസ് പോയ്സൺ’ ഗൂഗിൾ സെർച്ച് ഹിസ്റ്ററിയിൽ ഇന്ദുലേഖ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഇതായിരുന്നു.

എങ്ങനെ ആളെ വിഷം കൊടുത്തു കൊല്ലാം. ഇഞ്ചിഞ്ചായി വിഷം ഉള്ളിൽചെന്ന് ആൾ എങ്ങനെ മരിക്കും. എലിവിഷം അകത്തു ചെന്നാൽ എന്തായിരിക്കും ശരീരം കാട്ടുന്ന ലക്ഷണം. സമാനമായ ലക്ഷണങ്ങൾ ഏത് അസുഖത്തിനാണ്? ഇങ്ങനെ വിപുലമായ പഠനം തന്നെ ഇന്ദുലേഖ നടത്തിയിട്ടുണ്ട്. പ്ലസ്ടു വരെ പഠിച്ച ഇന്ദുലേഖ ഇതെല്ലാം മനസിലാക്കിയത് ഇന്റർനെറ്റിൽ തിരഞ്ഞായിരുന്നു. ആ തിരച്ചിൽതന്നെ കേസ് തെളിയിക്കാൻ പൊലീസിന് പിടിവള്ളിയായി. സെർച്ച് ഹിസ്റ്ററി കാട്ടിയുള്ള ചോദ്യംചെയ്യലിനൊടുവിൽ ഇന്ദുലേഖ പറ‍ഞ്ഞു. ‘‘ഞാനാണ് അമ്മയ്ക്കു വിഷം കൊടുത്തത്. സ്വത്ത് എഴുതിതരാൻ പറഞ്ഞിട്ട് അമ്മ കേട്ടില്ല’’. കുന്നംകുളം എസിപി ടി.എസ്.സിനോജും ഇൻസ്പെക്ടർ ഷാജഹാനും നടത്തിയ അന്വേഷണം അങ്ങനെയാണ് വഴിത്തിരിവിൽ എത്തിയത്.

രുഗ്മിണിയുടെ വീട്ടിൽ എത്തിയ വാർത്താലേഖകരോട് ഭർത്താവ് ചന്ദ്രൻ പറഞ്ഞു – ‘‘ഞങ്ങളുടെ മുഖം ടിവിയിൽ കാണിക്കരുത്. എനിക്ക് ഇനിയും ഒരു മകളുണ്ട്. മൂത്ത മോളുടെ രണ്ട് കുഞ്ഞുങ്ങളുണ്ട്. അവർക്കും ജീവിക്കണം’’. ഇന്ദുലേഖയുടെ സഹോദരി പറഞ്ഞതിങ്ങനെ – ‘‘ഞങ്ങൾക്ക് ഞങ്ങളുടെ അമ്മയെ നഷ്ടപ്പെട്ടു. വീട്ടിലുള്ള ഒരാൾ ഇങ്ങനെ ചെയ്യുമെന്ന് ആരെങ്കിലും കരുതുമോ?. കാമറയ്ക്കു മുമ്പിൽ ഞങ്ങൾക്കൊന്നും പറയാനില്ല. കുട്ടികൾ എങ്ങനെ ഇനി സ്കൂളിൽ പോകും?’’‌. അമ്മയെ കൊന്നതിന്റെ യാതൊരു വിഷമമവും ഇല്ലാതെയായിരുന്നു ഇന്ദുലേഖ പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞത്.

ദൈവത്തിന്റെ സ്വന്തം നാട് കുറ്റകൃത്യങ്ങളുടെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. സ്വന്തം മാതാപിതാക്കളെ പോലും കൊല്ലാൻ യാതൊരു മടിയുമില്ലാത്ത സമൂഹമായി മാറിയിരിക്കുന്നു. സ്വന്തം അമ്മയെ പോലും വിഷം കൊടുത്ത് കൊല്ലാൻ തക്ക വണ്ണം നമ്മൾ മാറിയത് എന്ത് കൊണ്ടാണ്? കാരണം എന്തായാലും മലയാളി സമൂഹത്തിന്റെ ഇത്തരം മാറ്റങ്ങളുടെ കാരണം കണ്ടെത്തുകയും അവ പരിഹരിക്കുകയും വേണം.