കൊല്‍ക്കത്ത: കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ബിജെപി സര്‍ക്കാര്‍ ഒരു ബംഗാളിയെ പോലും കേന്ദ്രമന്ത്രിയാക്കിയില്ലെന്ന ആരോപണവുമായി ബുബുല്‍ സുപ്രിയോ രംഗത്ത് മമത സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആണ് അദ്ദേഹം ബിജെപിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

നേരത്തെ മോഡി സര്‍ക്കാരില്‍ മന്ത്രി ആയിരുന്ന ആളാണ് സുപ്രിയോ. പിന്നീട് 2021 സെപ്റ്റംബറിലാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയത്. ടിഎംസിയില്‍ നിന്ന് ബാലിഗുന്‍ഗെ മണ്ഡലത്തില്‍ ജനവിധി തേടിയ അദ്ദേഹം മികച്ച വിജയം നേടി.

ബംഗാളിയെ എന്ത് കൊണ്ട് കേന്ദ്രമന്ത്രിയാക്കുന്നില്ലെന്നത് തന്നെയും കുടുംബത്തെയും ആറെ ദുഃഖിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് പദവികള്‍ ഒന്നും വേണ്ട. രണ്ട് തവണ അസന്‍സോള്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് താന്‍. എട്ട് വര്‍ഷമായി നിങ്ങള്‍ ഒരു മന്ത്രിസഭയെ നയിക്കുന്നു. 18 എംപിമാരാണ് ബംഗാളില്‍ നിന്നുള്ളത്. എന്നിട്ടും ഒരാള്‍ പോലും കേന്ദ്രമന്ത്രിയാകാന്‍ ശേഷിയുള്ള ആളല്ലെന്ന് കരുതുന്നത് എന്ത് കൊണ്ടാണെന്നും സുപ്രിയോ ചോദിച്ചു.

ഇത്തരമൊരു ഉത്തരവാദിത്തം ദീദി എന്നെ ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇന്ന് ഞാന്‍ അവരുടെ പാദം നമസ്‌കരിച്ചു. എന്റെ രണ്ടാം ഇന്നിംഗ്‌സ് ഒന്നാമത്തേതിനെക്കാള്‍ തിളക്കമാര്‍ന്നതാകുമെന്ന വിശ്വാസത്തിലാണ് താന്‍. സൂപ്രിയോ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ മറ്റ് എട്ട് പേര്‍ക്കൊപ്പമാണ് സുപ്രിയോയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 2011ല്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയ ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭാ പുനഃസംഘടനയാണിത്.

വിദ്യാഭ്യാസ കുംഭകോണവുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാര്‍ത്ഥ ചാറ്റര്‍ജിയുടെ അറസ്റ്റിന് പിന്നാലെയാണ് മന്ത്രിസഭാ വികസനമെന്നതും ശ്രദ്ധേയമാണ്.