കൊച്ചി: റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയകളും കുറഞ്ഞ മുറിവുകൾ മാത്രമുള്ള ശസ്ത്രക്രിയകളും നടത്തുന്ന സാങ്കേതികവിദ്യയിൽ ആഗോളതലത്തിൽ പ്രമുഖരായ ഇൻറ്യൂറ്റീവിൻറെ ഇന്ത്യൻ സ്ഥാപനമായ ഇൻറ്യൂറ്റീവ് ഇന്ത്യ രാജ്യത്തെ ആദ്യത്തെ റിമോട്ട് സർജിക്കൽ കേസ് ഒബ്സർവേഷൻ സാങ്കേതികവിദ്യയായ ഇൻറ്യൂറ്റീവ് ടെലിപ്രസൻസ് അവതരിപ്പിച്ചു.

വിദൂരത്താണെങ്കിലും വിദഗ്ധരായ സർജന്മാരിൽനിന്ന് ശസ്ത്രക്രിയയെക്കുറിച്ച്‌ നേരിട്ടെന്ന പോലെയുള്ള പഠനം സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണിത്. ശസ്ത്രക്രിയ നടത്തുന്ന സർജനും വിദൂരത്തുള്ള സർജനും തത്സമയം ഓഡിയോയും വീഡിയോയും കൈമാറുന്നതിനുള്ള സൗകര്യമാണിത്. ഡാവിഞ്ചി റോബോട്ടിക് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്ന ശസ്ത്രക്രിയ നടക്കുന്ന മുറിയിൽ വിർച്വലായി സന്നിഹിതനാകുവാൻ വിദൂരത്തുള്ള സർജനും കഴിയും. ഹെൽത്ത് ഇൻഷ്വറൻസ് പോർട്ടബിലിറ്റി ആൻറ് അക്കൗണ്ടബിലിറ്റി (എച്ച്‌ഐപിപിഎ) നിയമത്തിന് വിധേയമാണ് ഐടിപി സാങ്കേതികവിദ്യ. ഡാവിഞ്ചി റോബോട്ടിക് പ്ലാറ്റ്ഫോം ഉപയോഗിച്ച്‌ സുരക്ഷിതമായി വിദൂരത്തിരുന്ന് പഠിക്കാൻ സൗകര്യം നല്കുന്നതാണിത്.

രോഗികൾക്ക് പ്രഥമ പരിഗണന നല്കുന്ന കമ്പനിയാണ് ഇൻറ്യൂറ്റീവ് എന്ന് ഇൻറ്യൂറ്റീവ് ഇന്ത്യ വൈസ് പ്രസിഡൻറും ജനറൽ മാനേജരുമായ മൻദീപ് സിംഗ് കുമാർ പറഞ്ഞു. തടസങ്ങളില്ലാതെ സൗഖ്യം നല്കുന്നതിനും ഡാവിഞ്ചി സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ മനസിലാക്കുന്നതിനുമായി ക്ലിനിഷ്യന്മാരും ആശുപത്രികളും മെഡിക്കൽ/സർജിക്കൽ സൊസൈറ്റികളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. ഏറ്റവും പുതിയ സാങ്കേതിവിദ്യ സർജന്മാരുടെ തുടർപഠനത്തിന് സഹായം നല്കുന്നതിനായി ഉപയോഗിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഡാവിഞ്ചി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കുറഞ്ഞ മുറിവുകൾ മാത്രം ഉണ്ടാക്കുന്ന റോബോട്ടിക് ശസ്ത്രക്രിയ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് 24000-ൽ അധികം പീർ റിവ്യൂഡ് പ്രസിദ്ധീകരണങ്ങൾ തെളിവാണ്. കാഴ്ചപ്പാടും കൃത്യതയും നിയന്ത്രണവും സർജന്മാർക്ക് നല്കുന്നതാണ് റോബോട്ടിക് ശസ്ത്രക്രിയ. ശസ്ത്രക്രിയ നടത്തുന്ന പ്രദേശം കൂടുതൽ വിശദാംശങ്ങളോടെ കാണുന്നതിന് ഫ്ളൂറസൻസ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാധിക്കുന്നതും ഉപകരണങ്ങളിലുള്ള നിയന്ത്രണവും ഇടുങ്ങിയ പ്രദേശങ്ങളിൽ പോലും ശസ്ത്രക്രിയ നടത്താൻ സഹായിക്കുന്നു.

അതാത് ചികിത്സാ മേഖലകളിലായി റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയയിൽ പരിശീലനം നേടിയ അഞ്ഞൂറിൽ അധികം സർജന്മാരുണ്ട് ഇന്ത്യയിൽ. കഴിഞ്ഞ കുറെ വർഷങ്ങളായി റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയ യിലേക്ക് മാറുന്ന ഇന്ത്യൻ സർജന്മാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജനസംഖ്യ പരിഗണിക്കുമ്പോൾ ഇത് വളരെ കുറവാണ്. പുതിയ സർജന്മാർക്ക് റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയയിൽ ആവശ്യമായ പരിശീലനം നല്കുന്നതിനും പരിശീലനം നേടിയവർക്ക് പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനും തുടർന്നും പരിശീലനം നല്കേണ്ടതുണ്ട്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഐടിപി സഹായകമാകും.

കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ യാത്ര ഒഴിവാക്കുന്നതിനും ഇൻറ്യൂറ്റീവിൻറെ ഐടിപി പോലെയുള്ള സുരക്ഷിതമായ പ്ലാറ്റ്ഫോം ഉപയോഗിച്ച്‌ തുടർപരിശീലനം നല്കുന്നതിനുമാണ് പരിശ്രമിക്കുന്നത്.

ഇൻറ്യൂറ്റീവ് റോബോട്ടിക് ഓൺബോർഡിംഗ് പ്രോഗ്രാം ആൻഡ് എജ്യൂക്കേഷൻ (ഐ-റോപ്), റോവിംഗ് റോബോട്ട് പ്രോഗ്രാം എന്നീ റോബോട്ടിക്സ് പ്രോഗ്രാമുകൾക്ക് തുടർന്നും ഇന്ത്യയിലെങ്ങും പിന്തുണ നല്കും. ഇന്ത്യയിലെ സർജന്മാർക്ക് ഡാവിഞ്ചി സർജിക്കൽ സംവിധാനം ഉപയോഗിക്കുന്നതിനായി സാങ്കേതിക മികവും അനുഭവപരിചയവും ലഭ്യമാക്കുന്നതിനായി മികച്ച സാങ്കേതികപരിശീലനവും പിന്തുണയും നല്കുന്നതിനാണ് ഇൻറ്യൂറ്റീവ് പരിശ്രമിക്കുന്നത്.