നിർമിത ബുദ്ധി’ മനുഷ്യരുടെ 300 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്ന് റിപ്പോർട്ട്

നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിതമായ പരിശീലനങ്ങൾ നിർത്തിവെക്കണമെന്ന് സാ​ങ്കേതിക വിദ്യാരംഗത്തെ വിദഗ്ധർ തന്നെ മുന്നറിയിപ്പ് നൽകേണ്ട സാഹചര്യം വന്നിരിക്കുകയാണ്. നിർമിത ബുദ്ധി അധിഷ്ഠിതമായ വിവിധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള കിടമത്സരം ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ട്വിറ്റർ മേധാവി ഇലോൺ മസ്കും ആപ്പിൾ സഹ സ്ഥാപകൻ സ്റ്റീവ് വോസ്നിയാക്കും ഒപ്പുവെച്ച തുറന്ന കത്തിൽ പറയുന്നു. എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജി.പി.ടി വേരുപിടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ടെക് വിദഗ്ധർ തങ്ങളുടെ ആശങ്ക പങ്കുവെച്ച് രംഗത്തുവരുന്നത് എന്നതാണ് ശ്രദ്ധേയം.

ചാറ്റ്ജി.പി.ടി അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിരവധി തൊഴിലവസരങ്ങൾ മനുഷ്യരിൽ നിന്ന് കവർന്നെടുക്കുമെന്ന് പലരും സൂചന നൽകിയിരുന്നു. നി​ക്ഷേ​പ ബാ​ങ്കാ​യ ഗോ​ൾ​ഡ് മാ​ൻ സാ​ച്സിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലും ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് പറയുന്നത്. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാവിയിൽ 30 കോടി തൊഴിലവസരങ്ങളെ ബാധിച്ചേക്കാമെന്ന് അവരുടെ റിപ്പോർട്ടിൽ പറയുന്നു.

‘ചാറ്റ്ജി.പി.ടി ഉൾപ്പെടുന്ന ജനറേറ്റീവ് AI അതിന്റെ വാഗ്ദാനം ചെയ്ത കഴിവുകൾ പ്രകടിപ്പിക്കുന്ന കാലത്ത്, തൊഴിൽ വിപണിയിൽ അത് കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും’. -റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. യു.എസിലെയും യൂറോപ്പിലെയും മൂന്നിൽ രണ്ട് ജോലികളും ഒരു പരിധിവരെ ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്നും അതിൽ ചൂണ്ടിക്കാട്ടുന്നു. അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ 46 ശതമാനവും നിയമ മേഖലയിൽ 44 ശതമാനവും ജോലികൾ എ.ഐ ചെയ്യുന്ന സാഹചര്യമുണ്ടാകാൻ സാധ്യതയുണ്ട്. ‘സാമ്പത്തിക വളർച്ചയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ പ്രത്യാഘാതങ്ങൾ’ എന്ന ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

അതേസമയം എ.ഐ സാങ്കേതിക പുരോഗതി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന ശുഭസൂചനയും നൽകുന്നുണ്ട്. ചാറ്റ്ജി.പി.ടി പോലുള്ള ജനറേറ്റീവ് എ.ഐ സംവിധാനങ്ങൾക്ക് മനുഷ്യരെ പോലെ തന്നെ ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയും. ഉൽപ്പാദനക്ഷമതയിൽ കുതിച്ചുചാട്ടം ഉണ്ടായേക്കാം. ഇത് ആഗോള ജി.ഡി.പിയെ ഏഴ് ശതമാനം വരെ ഉയർത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisement