ഈ മെസേജ് കിട്ടിയെങ്കിൽ ക്ലിക്ക് ചെയ്യരുത്, ഉടൻ ഡിലീറ്റ് ചെയ്യുക!

Advertisement

വാട്സാപ്, ടെലഗ്രാം, മറ്റു സമൂഹ മാധ്യമങ്ങൾ വഴി ദിവസവും നിരവധി തട്ടിപ്പുകളും വഞ്ചനകളുമാണ് നടക്കുന്നത്. എല്ലാം വ്യാജ ലിങ്കുകളും മെസേജുകളും വഴിയാണ് പ്രചരിക്കുന്നത്. ഏറ്റവും പുതിയ വ്യാജ ഫിഷിങ് മെസേജുകളെ കാര്യമായി തന്നെ സൂക്ഷിക്കണമെന്നാണ് ടെക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ബാങ്ക് വിശദാംശങ്ങൾ വരെ തന്ത്രപരമായി ചോർത്തുന്ന ഫിഷിങ്ങാണ് ഇപ്പോൾ പ്രചരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി പാൻ അല്ലെങ്കിൽ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാൻ അറിയിപ്പ് നൽകുന്ന വ്യാജ മെസേജുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ലിങ്ക് ചെയ്തില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്നും വ്യാജ മെസേജിൽ പറയുന്നുണ്ട്. മെസേജുകൾ സ്വീകരിക്കുന്നവരിൽ ഭൂരിഭാഗവും അത്തരം സന്ദേശങ്ങൾ അവഗണിക്കുകയോ വഞ്ചനയെക്കുറിച്ച് ബോധവാന്മാരാകുകയോ ചെയ്യുമ്പോൾ തന്നെ ചിലരെങ്കിലും തട്ടിപ്പിനിരാകുന്നുമുണ്ട്. ഫോണിൽ ലഭിച്ച എസ്എംഎസിൽ ക്ലിക്ക് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മുംബൈയിലെ 40ലധികം പേർക്കാണ് ലക്ഷങ്ങൾ നഷ്ടമായത്. നടി നഗ്മ മൊറാർജിക്കും എസ്എംഎസിനൊപ്പം ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു.

പാൻ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വൈകുന്നേരത്തോടെ മൊബൈൽ നെറ്റ് ബാങ്കിങ് ബ്ലോക്ക് ചെയ്യപ്പെടുമെന്ന് കാണിച്ച് ഫെബ്രുവരി 28നാണ് നഗ്മയ്ക്ക് മെസേജ് ലഭിച്ചത്. ബാങ്കിൽ നിന്നുള്ള അടിയന്തര അറിയിപ്പാണെന്ന് കരുതി നഗ്മ ലിങ്കിൽ ക്ലിക്ക് ചെയ്തു. ഉടനെ ബാങ്കിന്റേതെന്ന് തോന്നിപ്പിക്കുന്ന പേജിലേക്ക് എത്തി, ഇവിടെ ഒടിപി നൽകാനും നിർദ്ദേശിച്ചു. തുടർന്ന് മൊബൈലിൽ ലഭിച്ച ഒടിപി നൽകിയതോടെ അവരുടെ അക്കൗണ്ടിൽ നിന്ന് 99,998 രൂപ ഉടൻ പിൻവലിക്കപ്പെട്ടു.

ഇത്തരം ഫിഷിങ് എസ്എംഎസ് തട്ടിപ്പുകളുടെ കേസുകൾ പുതിയതല്ലെങ്കിലും കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ഇതുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വരെ 70 ലധികം എഫ്‌ഐആറുകളാണ് മുംബൈ പൊലീസ് റജിസ്റ്റർ ചെയ്തത്. വൈറൽ എസ്എംഎസ് തട്ടിപ്പിൽ നിന്ന് പൊതുജനങ്ങൾ സുരക്ഷിതരായിരിക്കാൻ സൈബർ സെല്ലും മുംബൈ പൊലീസും മുന്നറിയിപ്പ് മെസേജ് പോലും നൽകി. എസ്എംഎസിലെ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുതെന്ന് എല്ലാവരോടും അഭ്യർഥിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നതോടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടും. അതേസമയം, ഈ മെസേജുകൾ അയക്കുന്ന മുന്നൂറിലധികം സിം കാർഡുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Advertisement