അഞ്ചു വർഷത്തിനുള്ളിൽ 20% ജോലികളും എഐ കയ്യടക്കുമെന്ന് വിദഗ്ധർ

Advertisement

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചാറ്റ്ജിപിറ്റി എന്ന നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ചാറ്റ്‌ബോട്ടിന് പാട്ടും തിരക്കഥയുമൊക്കെ എഴുതാനും പരീക്ഷയെഴുതി ജയിക്കാനുമൊക്കെയുള്ള ശേഷിയുണ്ട്. ഇപ്പോൾ മനുഷ്യർ ചെയ്യുന്ന പല ജോലികളും വൈകാതെ ചാറ്റ്ജിപിറ്റിക്ക് വിജയകരമായി ചെയ്തു തീർക്കാനാവും. ഉപഭോക്തൃസേവനം, കോപ്പി റൈറ്റിങ്, നിയമോപദേശം നൽകൽ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ ഈ ചാറ്റ്‌ബോട്ട് കഴിവു തെളിയിച്ചു കഴിഞ്ഞു. ഇത്തരം മേഖലകളിൽ അഞ്ച് വർഷത്തിനുള്ളിൽ 20 ശതമാനം തൊഴിലുകൾക്ക് പകരക്കാരനായി ചാറ്റ്ജിപിറ്റി മാറുമെന്നാണ് എഐ വിദഗ്ധനായ റിച്ചാർഡ് ഡിവേറെ പറയുന്നത്.


വളരെ പ്രതീക്ഷയോടെ കാണുന്ന ചാറ്റ്ജിപിറ്റിക്കുവേണ്ടി 1000 കോടി ഡോളറാണ് മൈക്രോസോഫ്റ്റ് നിക്ഷേപിക്കുന്നത്. ഈ ചാറ്റ്‌ബോട്ടിന് മനുഷ്യർ കംപ്യൂട്ടറുകളെ ഉപയോഗിക്കുന്ന രീതിയിൽ തന്നെ മാറ്റം വരുത്താനാകുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രതീക്ഷ. നിർമിത ബുദ്ധി സാങ്കേതികവിദ്യയിൽ വിപ്ലവം കൊണ്ടുവരും ചാറ്റ്ജിപിറ്റിയെന്ന് കരുതപ്പെടുന്നതും അതുകൊണ്ടാണ്.

‘ഒരു ദിവസംകൊണ്ട് മനുഷ്യർക്ക് പകരം നിർമിത ബുദ്ധി വരില്ല. എന്നാൽ പല ഘട്ടങ്ങളായി അത് സംഭവിക്കുക തന്നെ ചെയ്യും. ജോലികളിൽ അനുഭവ പരിചയം കുറവുള്ള പലരും ഇതിനകം തന്നെ തങ്ങളുടെ ജോലികളിൽ എഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. നിർമിത ബുദ്ധി ഉപയോഗിച്ച് കോപി റൈറ്റിങ് സൗജന്യ സേവനമായി നൽകുന്ന ജൗൺസ് എഐ പോലുള്ള കമ്പനികൾ മറ്റൊരു ഉദാഹരണമാണ്. നേരത്തെ മനുഷ്യർ ചെയ്തിരുന്ന ജോലിയാണിത്’ എന്നും ഡിവേറെ പറയുന്നു.

അമിത വേഗത്തിൽ വാഹനം ഓടിച്ചകുറ്റത്തിൻ കോടതിയിൽ ഹാജരാവേണ്ടി വരുന്നവരെ സഹായിക്കാൻ DoNotPay എന്ന കമ്പനി ഉപയോഗിക്കുന്നത് ചാറ്റ്ജിപിറ്റിയുടെ സേവനമാണ്. എഴുത്തു പരീക്ഷ വിജയകരമായി പൂർത്തിയാക്കി ഒരു ജോലിയുടെ അഭിമുഖത്തിനായുള്ള ചുരുക്കപ്പട്ടികയിൽ കയറിക്കൊണ്ട് ചാറ്റ്ജിപിറ്റി ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ എഐ ചാറ്റ് ബോട്ടിന്റെ ഉപയോഗ സാധ്യതകൾ അനന്തമാണ്. കാറുകൾ എങ്ങനെ കേടുതീർക്കാമെന്നു തുടങ്ങി എങ്ങനെ ഹാക്കിങ്ങിനുവേണ്ട കോഡുകൾ എഴുതാം എന്നതിനു വരെ ചാറ്റ്ജിപിറ്റി ഉപയോഗിച്ചിട്ടുണ്ട്.

സർഗാത്മക തൊഴിലെടുക്കുന്നവരുടെ ജോലി എളുപ്പമാക്കുമെങ്കിലും അവരുടെ തൊഴിലവസരം ചാറ്റ്ജിപിറ്റി ഇല്ലാതാക്കില്ലെന്നാണ് ഡിവേറയുടെ അഭിപ്രായം. പല മേഖലകളിലുള്ളവർക്കും അവരുടെ കഴിവുകൾ മിനുക്കിയെടുക്കാനും ആവർത്തന വിരസതയുളള ജോലികൾ ചെയ്യാനും കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാനും ഇത്തരം നിർമിത ബുദ്ധി ടൂളുകൾ സഹായിക്കും. തൊഴിലവസരങ്ങളല്ല തൊഴിലുകളാണ് ഇത്തരം നിർമിത ബുദ്ധി ഏറ്റെടുക്കുന്നതെന്നും ഇത് മനുഷ്യരുടെ ജോലികളെ കൂടുതൽ എളുപ്പത്തിലാക്കുകയാണ് ചെയ്യുന്നതെന്ന ചിന്തയാണ് നിർമിത ബുദ്ധി വിദഗ്ധനായ റിച്ചാർഡ് ഡിവേറ പങ്കുവെക്കുന്നത്.

Advertisement