മുൻ ഫുട്ബാൾ പരിശീലകൻ ട്വിറ്ററിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം പോസ്റ്റ് ചെയ്തു; പിന്നാലെ പിൻവലിച്ച്‌ ക്ഷമാപണം

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫുട്ബാൾ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൻറൈൻ തെറ്റായ ഇന്ത്യയുടെ ഭൂപടം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

അബദ്ധം മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ പോസ്റ്റ് പിൻവലിച്ച്‌ മാപ്പു പറഞ്ഞു.

ഇന്ത്യയുടെ 76ാം സ്വാതന്ത്യദിനാഘോഷത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസ നേരുന്ന സന്ദേശത്തൊടൊപ്പം കോൺസ്റ്റൻറൈൻ ട്വിറ്ററിൽ ഇന്ത്യയുടെ ഭൂപടവും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ഉപയോഗിച്ച ഭൂപടത്തിൽ പാക് അധീന കശ്മീരിന്റെ പ്രദേശം ഒഴിവാക്കിയിരുന്നു. ട്വീറ്റിനു താഴെ നിരവധി ആരാധകർ തെറ്റ് ചൂണ്ടിക്കാട്ടി രംഗത്തുവന്നു. പിന്നാലെയാണ് അബദ്ധം മനസ്സിലാക്കി കോൺസ്റ്റൻറൈൻ ട്വീറ്റ് പിൻവലിച്ചത്.

ക്ഷമാപണം നടത്തുന്ന മാറ്റൊരു ട്വീറ്റും ഉടൻ തന്നെ പോസ്റ്റ് ചെയ്തു. ‘മുമ്പ് ഉപയോഗിച്ച തെറ്റായ ഭൂപടത്തിൽ ക്ഷമാപണം….ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യദിനാശംസകൾ’ -എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്. ഐ.എസ്.എൽ ക്ലബ് ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി അടുത്തിടെ കോൺസ്റ്റന്റൈനെ നിയമിച്ചിരുന്നു.