പാരീസ്: ബാലണ്‍ ഡി ഓറിനായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം മെസിയുടെ അസാന്നിധ്യം ആരാധകരെ നിരാശപ്പെടുത്തുന്നു. 30 അംഗങ്ങളുടെ പേരുകളാണ് ബാലണ്‍ ഡി ഓറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ മെസിയുടെ പേരില്ല. 2005ന് ശേഷം ഇത് ആദ്യമായാണ് മെസിയുടെ പേരില്ലാതെ ബാലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടിക വരുന്നത്.
ഒക്ടോബര്‍ 17ന് ബാലണ്‍ ദി ഓര്‍ ആര് ഉയര്‍ത്തും എന്ന് അറിയാം. 2020-21 സീസണില്‍ ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ നൗകാമ്പ് വിടേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചത്. പിഎസ്ജിയിലേക്ക് ചേക്കേറിയ മെസിക്ക് പക്ഷേ ആദ്യ സീസണില്‍ മികവിലേക്ക് എത്താനായില്ല.
കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യൂനൈറ്റഡിന് വേണ്ടി പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തതോടെയാണ് ക്രിസ്റ്റിയാനോയുടെ പേര് ബാലണ്‍ ഡി ഓറിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. കരിം ബെന്‍സെമ, ക്വാര്‍ട്ടുവ എന്നിവരാണ് ബാലണ്‍ ഡി ഓര്‍ ഈ വര്‍ഷം നേടാന്‍ സാധ്യതയുള്ളവരില്‍ മുന്‍പില്‍ നില്‍ക്കുന്നത്.