അഭിമുഖത്തിനായി വാട്‌സ്‌ആപ്പ് വഴി വൃദ്ധിമാൻ സാഹ‍യെ ഭീഷണിപ്പെടുത്തി; മാധ്യമപ്രവര്‍ത്തകന് ബിസിസിഐയുടെ വിലക്ക്‌

Advertisement

ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹയെ ഭീണിപ്പെടുത്തിയ സംഭവത്തിൽ മാധ്യമപ്രവർത്തകൻ ബോറിയ മജൂംദാറിന് ബിസിസിഐ രണ്ടു വർഷത്തേക്ക് വിലക്കേർപ്പെടുത്തി.

മത്സരങ്ങൾക്ക് മീഡിയ അക്രഡിറ്റേഷൻ അനുവദിക്കുന്നത്, താരങ്ങളുടെ അഭിമുഖം നടത്തുന്നത്, രാജ്യത്തെ വിവിധ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് വിലക്ക്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാൻ ഏർപ്പെടുത്തിയ മൂന്നംഗ സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ചാണ് ബിസിസിഐ തീരുമാനം.

ഇന്ത്യയിലെ എല്ലാ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും ബോറിയയ്ക്ക് വിലക്കേർപ്പെടുത്തും. ബോറിയയുമായി സഹകരിക്കരുതെന്ന് കളിക്കാരോടും നിർദേശിക്കും. ബ്ലാക്ക് ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ബിസിസിഐ ഐസിസിയോടും ആവശ്യപ്പെടും. ഇതോടൊപ്പം മത്സരങ്ങൾക്ക് മീഡിയ അക്രഡിറ്റേഷൻ അനുവദിക്കരുതെന്നും ഐസിസിയോട് ആവശ്യപ്പെടും.

ബിസിസിഐയുമായി കരാറിലുള്ള താരമാണു വൃദ്ധിമാൻ സാഹ. കഴിഞ്ഞ ഫെബ്രുവരി 23ന് അഭിമുഖത്തിനായി വിസമ്മതിച്ചതിന് തന്നെ ഒരു മാധ്യമപ്രവർത്തകൻ ഭീഷണിപ്പെടുത്തിയിരുന്നതായി സാഹ ആരോപിച്ചിരുന്നു. ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടുകളും സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവച്ചിരുന്നു. സാഹയുടെ പരാതിയെക്കുറിച്ച്‌ അന്വേഷിക്കാൻ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറർ അരുണ്ഡ ധൂമാൽ, ഉന്നതാധികാര സമിതി അംഗം പ്രഭ്‌തേജ് ഭാട്ടിയ എന്നിവർ അടങ്ങുന്ന മൂന്നംഗ സമിതിയെ ബിസിസിഐ നിയോഗിച്ചിരുന്നു. സാഹയും മജുംദാറും കഴിഞ്ഞ മാസം സമിതിക്കു മുൻപാകെ ഹാജരായിരുന്നു. തനിക്കെതിരായ തെളിവുകൾ സാഹ കെട്ടിച്ചമച്ചതാണ് എന്നായിരുന്നു മജുംദാറിന്റെ ആരോപണം.

ബോറിയുടെയും സാഹയുടെയും ഭാഗം കേട്ട ശേഷം ബോറിയ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സമിതി വിലക്കേർപ്പെടുത്താൻ ശുപാർശ ചെയ്തത്.

Advertisement