പുതിയ ജേഴ്‌സി അവതരിപ്പിച്ച്‌ രാജസ്ഥാൻ റോയൽസ്

Advertisement

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേയ്‌ക്കുള്ള ജേഴ്‌സി അവതരിപ്പിച്ച്‌ രാജസ്ഥാൻ റോയൽസ്. തകർപ്പൻ വീഡിയോയിലൂടെയാണ് രാജസ്ഥാൻ തങ്ങളുടെ ജേഴ്‌സി അവതരിപ്പിച്ചിരിക്കുന്നത്.

ജേഴ്‌സിയുടെ മധ്യഭാഗത്ത് രാജസ്ഥാൻ റോയൽസിന്റെ പ്രധാന സപോൺസർമാരായ ‘ഹാപ്പിലോ’യുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മറ്റ് സ്‌പോൺസർമാരായ ഡോളർ, ജിയോ, റെഡ് ബുൾ എന്നിവരുടെ പേരും ജേഴ്‌സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സഞ്ജു സാംസൺ, യുസ്വേന്ദ്ര ചാഹൽ, ഓസ്‌ട്രേലിയൻ മോട്ടോർ ബൈക്ക് സ്റ്റണ്ട് പെർഫോമറായ റോബി മാഡിസൺ എന്നിവരാണ് ജേഴ്‌സി അനാച്ഛാദനം ചെയ്യുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പല കടമ്പകൾ കടന്ന് ജേഴ്‌സി ഡെലിവറി ചെയ്യുന്ന മാഡിസണും, അത് ഏറ്റുവാങ്ങുന്ന സഞ്ജുവും ചാഹലുമാണ് വീഡിയോയിലുള്ളത്. നീലയും പിങ്കും ചേർന്ന നിറങ്ങളിലാണ് ജേഴ്‌സിയുടെ ഡിസൈൻ.

അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതുതായി അവതരിപ്പിച്ച ടീം, ഗുജറാത്ത് ടൈറ്റൻസിന്റെ ജേഴ്‌സി ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്തിരുന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ഹെഡ് കോച്ച്‌ ആശിഷ് നെഹ്റ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, മറ്റ് ടീം ഒഫീഷ്യൽസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലോഞ്ച്.

ഐപിഎൽ മത്സരങ്ങൾ മാർച്ച്‌ 26നാണ് ആരംഭിക്കുന്നത്. മെയ് 26ന് ഫൈനൽ മത്സരം നടക്കും. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്.

ഇക്കുറി രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടക്കുന്നത്. എ.ബി എന്നിങ്ങനെയാണ് രണ്ട് ഗ്രൂപ്പുകൾ. ആകെ 70 മത്സരങ്ങളായിരിക്കും ഗ്രൂപ്പ് ഘട്ടത്തിൽ ഉണ്ടാവുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും പൂനെയിൽ 15 മത്സരവുമാണ് നടക്കുന്നത്. ഇത്തവണ പത്ത് ടീമുകളാണുള്ളത്. ലക്നൗ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണ് പുതുതായി മാറ്റുരയ്‌ക്കുന്ന ടീമുകൾ.

Advertisement