ബം​ഗളുരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022 ന്റെ മെഗാ ലേലത്തിനായി 1214 കളിക്കാർ രജിസ്റ്റർ ചെയ്‌തെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ).

2022 ജനുവരി 20ന് ഐ‌പി‌എൽ കളിക്കാരുടെ രജിസ്‌ട്രേഷൻ അവസാനിച്ചതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ ഒരു ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. “ആകെ 1,214 കളിക്കാർ (896 ഇന്ത്യൻ, 318 വിദേശ കളിക്കാർ)2022 ഐ‌പി‌എൽ താര ലേലത്തിന്റെ ഭാഗമാകാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്,” പ്രസ്താവനയിൽ പറഞ്ഞു.

രണ്ട് ദിവസമായി നടക്കുന്ന മെഗാ ലേലത്തിൽ 10 ടീമുകൾ ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കും. കളിക്കാരിൽ 270 പേർ ക്യാപ്പ്ഡ് താരങ്ങളും, 903 പേർ അൺക്യാപ്പ്ഡ് താരങ്ങളും, 41 പേർ അസോസിയേറ്റ് കളിക്കാരുമാണ്.

ഓസ്‌ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണറും ടീമംഗം മിച്ചൽ മാർഷും ഉൾപ്പെടെ 49 താരങ്ങൾ രണ്ട് കോടി അടിസ്ഥാന വിലയിൽ വരുന്നവരാണ്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ വാർണർ ടൂർണമെന്റിലെ താരവും മാർഷ് ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ചും ആയിരുന്നു. കൂടാതെ, ആർ അശ്വിൻ, ശ്രേയസ് അയ്യർ, ശിഖർ ധവാൻ, ഇഷാൻ കിഷൻ, സുരേഷ് റെയ്ന, പാറ്റ് കമ്മിൻസ്, ആദം സാമ്ബ, സ്റ്റീവൻ സ്മിത്ത്, ഷാക്കിബ് അൽ ഹസൻ, മാർക്ക് വുഡ്, ട്രെന്റ് ബോൾട്ട്, ഫാഫ് ഡു പ്ലെസിസ്, ക്വിന്റൺ ഡി കോക്ക്, കഗിസോ റബാഡ, ഡ്വെയ്ൻ ബ്രാവോ എന്നിവരാണ് പട്ടികയിൽ വരുന്ന മറ്റു പ്രമുഖർ.

ഫെബ്രുവരി 12, 13 തീയതികളിൽ ബാംഗ്ലൂരിൽ വെച്ച്‌ ലേലം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഐപിഎൽ ഫ്രാഞ്ചൈസികളിൽ മിക്കവരും ലേലം നിർത്തലാക്കണമെന്ന് ആഗ്രഹിക്കുന്നതിനാൽ ബിസിസിഐ നടത്തുന്ന അവസാനത്തെ മെഗാ ലേലമായിരിക്കും ഇത്.

സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ ഫ്രാഞ്ചൈസിക്കൊപ്പം വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ സിവിസിയുടെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് എന്നി പുതിയ രണ്ടു ടീമുകളുമായി 10 ടീമുകളുമായാണ് ഈ വർഷത്തെ ഐപിഎൽ നടക്കുക.

അതേസമയം ഈ രണ്ടു ടീമുകളും അവരുടെ ക്യാപ്റ്റന്മാരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഹാർദിക് പാണ്ഡ്യ അഹമ്മദാബാദ് ഫ്രാഞ്ചൈസിയെയും കെ എൽ രാഹുൽ ലഖ്‌നൗ ടീമിനെയും നയിക്കും, മെഗാ ലേലത്തിന് മുന്നോടിയായി മൂന്ന് ഡ്രാഫ്റ്റ് താരങ്ങളെയും രണ്ട് ടീമുകളും വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

സിവിസിയുടെ ഉടമസ്ഥതയിലുള്ള അഹമ്മദാബാദ് ഹാർദിക്കിനെയും അഫ്ഗാനിസ്ഥാൻ സ്റ്റാർ സ്പിന്നർ റാഷിദ് ഖാനെയും 15 കോടി രൂപ വീതം നൽകിയും ബാറ്റർ ശുഭ്മാൻ ഗില്ലിന് 7 കോടി രൂപയും നൽകി ടീമിലെത്തിച്ചതായി അവരുടെ ക്രിക്കറ്റ് ഡയറക്ടർ വിക്രം സോളങ്കി സ്റ്റാർ സ്‌പോർട്‌സിലൂടെ അറിയിച്ചു.

ആർ‌പി‌എസ്‌ജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ ഫ്രാഞ്ചൈസി രാഹുലിനെ 17 കോടി രൂപയ്ക്കും ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെ 9.2 കോടി രൂപയ്ക്കും അൺക്യാപ്പ്ഡ് ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയെ 4 കോടി രൂപയ്ക്കുമാണ് കരാർ ഒപ്പുവെച്ചത്.