കാൻബെറ: മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ സലീം മാലിക്കിനെതിരെ ഗുരുതര ആരോപണവുമായി ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ രംഗത്ത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ ഒത്തുകളിക്കാൻ മാലിക് കോടികൾ വാഗ്‌ദാനം ചെയ്തുവെന്നാണ് വോൺ ആരോപിച്ചിരിക്കുന്നത്.

1994ൽ ഓസ്‌ട്രേലിയുടെ പാകിസ്ഥാൻ പര്യടനത്തിനിലെ കറാച്ചി ടെസ്റ്റിന്റെ നാലാം ദിനത്തിലായിരുന്നു സംഭവം. ആമസോൺ പ്രൈമിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ‘ഷെയ്ൻ’ എന്ന ഡോക്യൂമെന്ററിയിലാണ് വോണിന്റെ ഈ വെളിപ്പെടുത്തൽ.

“സലീം മാലിക് കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഞാൻ അദ്ദേഹത്തിന്റെ മുറിയിലെത്തി. മത്സരത്തിൽ പാകിസ്ഥാനെതിരെ ജയം നേടാനാകുമെന്നതിൽ വലിയ ഉറപ്പുണ്ടായിരുന്നു. ഇതെല്ലാം ആലോചിച്ച്‌ കൊണ്ട് ഞാൻ അദ്ദേഹത്തിന്റെ മുറിയുടെ വാതിലിൽ തട്ടി. വാതിൽ തുറന്ന് വന്ന അദ്ദേഹം എന്നെ അകത്തേക്ക് ക്ഷണിച്ചു. അകത്തേക്ക് കയറിയ എന്നോട് അദ്ദേഹം ചോദിച്ചു നല്ലൊരു
നല്ലൊരു മത്സരമാണല്ലോ നടക്കുന്നത് എന്ന്. അതെ, നാളെ ജയിക്കാനാകും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ഞാൻ പറഞ്ഞു.”

” അതിനുള്ള മറുപടിയെന്നോണം അദ്ദേഹം പറഞ്ഞു, പാകിസ്ഥാനിൽ ഒരു മത്സരം തോൽക്കുകയെന്നത് അവർക്ക് താങ്ങാൻ കഴിയുന്ന കാര്യമല്ലെന്നും മത്സരത്തിൽ പാകിസ്ഥാൻ തോറ്റാൽ താരങ്ങളുടെയും ബന്ധുക്കളുടേയുമെല്ലാം വീടുകൾ അഗ്നിക്കിരയാക്കുമെന്നും പറഞ്ഞു.” – വോൺ പറഞ്ഞു

“ആയതിനാൽ ഞാനും അക്കാലത്ത് എന്റെ റൂം മേറ്റ് ആയിരുന്ന സഹതാരം ടിം മേയും മത്സരത്തിൽ വിക്കറ്റുകൾ എടുക്കരുതെന്നും തുടരെ വൈഡുകൾ എറിഞ്ഞ് മോശം പ്രകടനം നടത്തണമെന്നും അതിനായി ഒന്നരക്കോടി രൂപ നൽകാമെന്നും പറഞ്ഞു. ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് ആ സമയത്ത് അറിയില്ലായിരുന്നു. പെട്ടെന്നുണ്ടായ ഞെട്ടലിൽ മാലിക്കിനെ എന്തോ അസഭ്യം പറയുകയും മത്സരം ഞങ്ങൾ തന്നെ ജയിക്കുമെന്നും പറഞ്ഞ് ആ റൂമിൽ നിന്നും ഞാൻ ഇറങ്ങി പോരുകയായിരുന്നു.” – വോൺ പറഞ്ഞു.

“അന്നത്തെ കാലത്ത് ഒരു മത്സരത്തിൽ ഒത്തുകളിക്കുക എന്നതൊക്കെ കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമായിരുന്നു. സംഭവം ഞാൻ ടീം മാനേജ്‌മെന്റിനെ അറിയിച്ചു, മെയ് പരിശീലകനായ ബോബ് സിംപ്‌സണേയും ക്യാപ്റ്റൻ മാർക്ക് ടെയ്‌ലറേയും ഇക്കാര്യം അറിയിച്ചിരുന്നു.” – വോൺ കൂട്ടിച്ചേർത്തു.

എന്നാൽ അന്നത്തെ മത്സരത്തിൽ ഭാഗ്യം പാകിസ്ഥാന്റെ കൂടെയായിരുന്നു. മത്സരത്തിൽ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയ പാകിസ്ഥാൻ ഓസീസിനെതിരെ ഒരു വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയായിരുന്നു. ഇൻസമാം ഉൾ ഹഖും വാലറ്റക്കാരൻ മുഷ്താഖ് അഹമ്മദും ചേർന്ന് അവസാന വിക്കറ്റിൽ പടുത്തുയർത്തിയ 57 റൺസിന്റെ കൂട്ടുകെട്ടാണ് അവർക്ക് വിജയമൊരുക്കിയത്. മത്സരം പാകിസ്ഥാൻ സ്വന്തമാക്കിയെങ്കിലും 150 വഴങ്ങി എട്ടു വിക്കറ്റെടുത്ത വോൺ ആയിരുന്നു കളിയിലെ മാൻ ഓഫ് ദി മാച്ച്‌.

വോണിനെ ഒത്തുകളിക്കാൻ പ്രേരിപ്പിച്ച സലീം മാലിക് പിന്നീട് ഒത്തുകളിച്ച്‌ പിടിച്ചതിനെ തുടർന്ന് 2000ൽ ക്രിക്കറ്റിൽ നിന്നും ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്നു. പാകിസ്ഥാന് വേണ്ടി 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 15 സെഞ്ചുറി ഉൾപ്പെടെ 5768 റൺസും 283 ഏകദിനങ്ങളിൽ നിന്ന് 7170 റൺസും മാലിക് നേടിയിട്ടുണ്ട്.