മുംബൈ: കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ സി സിയുടെ നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ച്‌ ഇന്ത്യയുടെ യുവതാരം മായങ്ക് അഗർവാൾ.

ന്യൂസിലാൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെയുള്ള പരമ്ബരയിലെ മികച്ച പ്രകടനങ്ങളെ തുടർന്നാണ് മായങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. മായങ്ക് അഗർവാളിനെ കൂടാതെ ന്യൂസിലാൻഡിന്റെ അജാസ് പട്ടേലും ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കുമാണ് നോമിനേഷൻ പട്ടികയിലുൾപ്പെട്ടിട്ടുള്ള മറ്റ് താരങ്ങൾ.

ഇന്ത്യയുടെ സ്ഥിരം ഓപ്പണർമാരായ രോഹിത് ശർമ്മ, കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ എന്നിവർ ഓരോരോ സാഹചര്യങ്ങളിൽ ടീമിൽ നിന്ന് പുറത്തായപ്പോൾ ലഭിച്ച അവസരം മായങ്ക് അഗർവാൾ പരമാവധി മുതലെടുക്കുകയായിരുന്നു. ന്യൂസിലാൻഡിനെതിരെ രണ്ട് ടെസ്റ്റിൽ കളിച്ച മായങ്ക്, 69 ആവറേജിൽ 276 റൺ എടുത്തിരുന്നു. രണ്ട് അർദ്ധസെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉൾപ്പെടുന്നതായിരുന്നു മായങ്കിന്റെ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റിലും മായങ്കിന്റെ ഇന്നിംഗ്സ് നിർണായകമായിരുന്നു.

ഇന്ത്യയ്ക്കെതിരായ ടെസ്റ്റിൽ ഇന്നിംഗ്സിൽ പത്ത് വിക്കറ്റെടുത്ത പ്രകടനമാണ് ഇന്ത്യൻ വംശജനും ന്യൂസിലാൻഡ് സ്പിന്നറുമായ അജാസ് പട്ടേലിനെ ശ്രദ്ധേയനാക്കിയത്. ആഷസ് പരന്പരയിൽ ബാറ്റ് കൊണ്ടും ബോള് കൊണ്ടും നടത്തിയ ഓൾറൗണ്ട് പ്രകടനമാണ് സ്റ്റാർക്കിന് തുണയായത്.