ബാറ്റിങോ, ബൗളിങോ, കീപ്പറായിട്ടോ കളിക്കാതെ വിജയം സ്വന്തമാക്കിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ബെന്‍ സ്റ്റോക്സിന്

ലണ്ടന്‍: അയര്‍ലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ വിജയം മറ്റൊരു റെക്കോര്‍ഡിന് കൂടി വേദിയായി. ഒരേയൊരു ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ അവരുടെ നായകന്‍ ബെന്‍ സ്റ്റോക്സ് സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ് കൂടിയാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ടീം ക്യാപ്റ്റന്‍ ബാറ്റിങോ, ബൗളിങോ, കീപ്പറായിട്ടോ കളിക്കാതെ വിജയം സ്വന്തമാക്കിയ മത്സരമാണ് അയര്‍ലന്‍ഡിനെതിരെ പൂര്‍ത്തിയായത്. ടെസ്റ്റ് ക്രിക്കറ്റിന്റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.
മത്സരത്തില്‍ നാല് വിക്കറ്റുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. രണ്ടിന്നിങ്സിലും സ്റ്റോക്സിന് ബാറ്റ് ചെയ്യേണ്ടി വന്നില്ല. രണ്ടിന്നിങ്സിലും താരം ബോളും എറിഞ്ഞില്ല. ഇതോടെയാണ് ബാറ്റിങും ബൗളിങും കീപ്പിങും ചെയ്യാതെ ക്യാപ്റ്റന്‍ വിജയം സ്വന്തമാക്കിയത്.
ആഷസ് പരമ്പരയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ് അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ട് ഓരേയൊരു ടെസ്റ്റ് പോരാട്ടം കളിച്ചത്. മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം പിടിച്ചത്. രണ്ട് ദിവസങ്ങള്‍ കൂടി ശേഷിക്കെയാണ് ഇംഗ്ലണ്ടിന്റെ വിജയം.
രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ 11 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ഓപ്പണര്‍ സാക് ക്രൗളി നാല് പന്തില്‍ ലക്ഷ്യം കണ്ടു. മൂന്ന് ഫോറുകള്‍ അടിച്ച് ക്രൗളി 12 റണ്‍സെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചു. കളി അവസാനിക്കുമ്പോള്‍ മറുഭാഗത്ത് ഒരു പന്തു പോലും നേരിടാതെ ബെന്‍ ഡുക്കറ്റ് നിന്നു.
ഒന്നാം ഇന്നിങ്സില്‍ അയര്‍ലന്‍ഡ് വെറും 172 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 524 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്ത് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്സില്‍ അയര്‍ലന്‍ഡ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. 362 റണ്‍സാണ് അവര്‍ നേടിയത്.

Advertisement