ടെസ്റ്റില്‍ അതിവേഗം 11,000; നേട്ടവുമായി ജോ റൂട്ട്

രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇംഗ്ലീഷ് സൂപ്പര്‍ താരം ജോ റൂട്ട്. അയര്‍ലന്‍ഡിനെതിരേ ലോര്‍ഡ്സില്‍ നടക്കുന്ന മത്സരത്തിലാണ് റൂട്ട് ഈ നേട്ടത്തിലെത്തിയത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ 131 മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയ റെക്കോഡാണ് തന്റെ 130-ാം ടെസ്റ്റില്‍ റൂട്ട് മറികടന്നത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് തികയ്ക്കുന്ന 11-ാമത്തെ താരമാകാനും റൂട്ടിനായി. 200 ടെസ്റ്റുകളില്‍ നിന്ന് 15921 റണ്‍സ് നേടിയ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് റണ്‍വേട്ടയില്‍ ഒന്നാമന്‍.
ഏറ്റവും കുറഞ്ഞ പ്രായത്തിനുള്ളില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ബാറ്റര്‍ എന്ന റെക്കോഡും അരങ്ങേറ്റത്തിന് ശേഷം ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് 11,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും റൂട്ട് സ്വന്തമാക്കി. അരങ്ങേറി പത്ത് വര്‍ഷവും 171 ദിവസവും കൊണ്ടാണ് റൂട്ട് 11,000 ടെസ്റ്റ് റണ്‍സ് നേടിയത്. ഇംഗ്ലണ്ടിന്റെ തന്നെ മുന്‍താരം അലിസ്റ്റര്‍ കുക്കിനെയാണ് ഇക്കാര്യത്തില്‍ റൂട്ട് മറികടന്നത്.

Advertisement