ഐപിഎല്‍ പൂരത്തിന് നാളെ കൊടിയേറ്റം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിന് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. അഹമ്മദാബാദില്‍ വൈകിട്ട് 7:30 നാണ് ആദ്യ മത്സരം.
10 ടീമുകള്‍ അണിനിരക്കുന്ന ലീഗ് റൗണ്ടിലെ മത്സരങ്ങള്‍ 12 വേദികളിലായി നടക്കും. ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നതും ഈ സീസണിലെ സവിശേഷതയാണ്.
52 ദിവസം നീണ്ടു നില്‍ക്കുന്ന ഐപിഎല്‍ പൂരത്തിനാണ് വെള്ളിയാഴ്ച കൊടിയുയരുന്നത്. ലീഗ് മത്സരങ്ങള്‍ മാര്‍ച്ച് 31 മുതല്‍ മെയ് 21 വരെ നടക്കും. മെയ് 28 നാണ് ഫൈനല്‍. ടോസിന് ശേഷം ഇലവനെ പ്രഖ്യാപിക്കുന്നതും ഇംപാക്ട് പ്ലയറും വൈഡും നോബോളും ഡിആര്‍എസ് പരിധിയില്‍ വരുന്നതുമാണ് ഇത്തവണത്തെ ഐപിഎല്‍ സീസണിന്റെ പ്രത്യേകത. കളിയുടെ മുന്നോട്ടു പോക്ക് അനുസരിച്ച് ഒരു കളിക്കാരനെ മാറ്റി ഇറക്കുന്നതാണ് ഇംപാക്ട് പ്ലെയര്‍ നിയമം. ടോസിന്റെ സമയത്ത് പ്ലേയിംഗ് ഇലവനൊപ്പം പകരക്കാരുടെ പേരും മുന്‍കൂട്ടിനല്‍കണം. നാല് പകരക്കാരില്‍ ഒരാളെ മാത്രമേ ഇംപാക്ട് പ്ലെയറായി ഇറക്കാനാവൂ. പതിനാലാം ഓവറിന് മുമ്പ് പകരക്കാരനെ കളത്തിലിറക്കണം. ഇത് ഓവര്‍ പൂര്‍ത്തിയാവുമ്പോഴോ വിക്കറ്റ് വീഴുമ്പോഴോ ആയിരിക്കണം എന്നും നിബന്ധനയുണ്ട്.

Advertisement