മണാലി യാത്രയ്ക്കു ശേഷം എച്ച്ഐവി ടെസ്റ്റ് നടത്തേണ്ടിവന്നു: വെളിപ്പെടുത്തി ധവാൻ

മുംബൈ: കുട്ടിക്കാലത്ത് ശരീരത്തിൽ ടാറ്റു വരച്ച ശേഷം ‘സമാധാനം നഷ്ടപ്പെട്ട’ കഥ വിവരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ശരീരത്തിൽ പല ഭാഗത്തും ടാറ്റു ചെയ്തിട്ടുണ്ടെന്നും പക്ഷേ ആദ്യമായി ടാറ്റു വരച്ചപ്പോള്‍ വലിയ ടെൻഷനാണ് ഉണ്ടായതെന്നും ശിഖർ ധവാൻ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

‘‘എനിക്ക് 14–15 വയസ്സുണ്ടാകുമ്പോഴാണ് ഞങ്ങൾ മണാലിക്ക് യാത്ര പോകുന്നത്. അവിടെവച്ച് കുടുംബത്തെ അറിയിക്കാതെ ശരീരത്തിന്റെ പിൻഭാഗത്ത് ടാറ്റു ചെയ്തു. ഒരു തേളിന്റെ ചിത്രമായിരുന്നു അത്. മൂന്നു നാലു മാസം വീട്ടുകാരെ കാണിക്കാതെ ടാറ്റു ഒളിപ്പിച്ചുവച്ചു. എന്നാൽ അച്ഛൻ അതു കണ്ടെത്തി. നല്ല അടിയും കിട്ടി.’’– ശിഖർ ധവാൻ വെളിപ്പെടുത്തി.

‘‘പിന്നീട് എനിക്ക് ടെൻഷൻ ആകാൻ തുടങ്ങി. ടാറ്റു വരച്ചതിനു ശേഷമാണ് ആ സൂചി എത്ര പേർക്ക് ഉപയോഗിച്ചിട്ടുണ്ടാകുമെന്നൊക്കെ ഞാൻ ഓർത്തത്. തുടർന്ന് ഞാൻ എച്ച്ഐവി ടെസ്റ്റ് നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. ആദ്യത്തെ ടാറ്റുവിൽ പിന്നീട് കൂടുതൽ ഡിസൈനുകൾ ചേർത്തു. കയ്യിൽ ശിവന്റെയും അർജുനന്റെയും ടാറ്റു ഉണ്ട്.’’– ശിഖർ ധവാൻ പ്രതികരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനാണ് ശിഖർ ധവാൻ.

ഇന്ത്യൻ ടീമിൽ അവസരം കിട്ടാത്തതിനെക്കുറിച്ചും ധവാൻ മനസ്സു തുറന്നു. ശിഖർ ധവാനു മുകളിൽ ശുഭ്മൻ ഗില്ലിനെ താൻ സിലക്ടറായാലും കളിപ്പിക്കുമെന്നാണ് ധവാന്റെ വാദം. ‘‘ടെസ്റ്റിലും ട്വന്റി20യിലും ശുഭ്മൻ ഗിൽ ഗംഭീരമായാണു കളിക്കുന്നത്. ഞാൻ സിലക്ടറായിരുന്നാലും ശുഭ്മൻ ഗില്ലിനു കൂടുതൽ അവസരങ്ങൾ നൽകിയേനെ. ഇന്ത്യൻ ടീമില്‍ ഇനി സ്ഥാനം ലഭിച്ചില്ലെങ്കിലും കുറ്റബോധമൊന്നും ഉണ്ടാകില്ല.’’– ധവാന്‍ പറഞ്ഞു.

Advertisement