സ്കോർ: ഇന്ത്യ -117ന് എല്ലാവരും പുറത്ത് (26 ഓവർ). ആസ്ട്രേലിയ – വിക്കറ്റ് നഷ്ടമാവാതെ 121 (11 ഓവർ)

Advertisement

വിശാഖപട്ടണം: ഇന്ത്യൻ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തിയ രണ്ടാം ഏകദിനത്തിൽ ആസ്ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യയുടെ ആഗ്രഹങ്ങൾക്ക് തിരിച്ചടിയായി തോൽവി. സ്കോർ: ഇന്ത്യ -117ന് എല്ലാവരും പുറത്ത് (26 ഓവർ). ആസ്ട്രേലിയ – വിക്കറ്റ് നഷ്ടമാവാതെ 121 (11 ഓവർ). ബുധനാഴ്ച ചെന്നൈയിലാണ് മൂന്നാം മത്സരം.

118 റൺസെന്ന കുറഞ്ഞ ലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഓസീസ് ട്വൻറി20ക്ക് സമാനമായ രീതിയിൽ ബാറ്റുവീശിയപ്പോൾ 11 ഓവറിനുള്ളിൽ തന്നെ മത്സരം പൂർത്തിയായി. മിച്ചൽ മാർഷ് 36 പന്തിൽ 66ഉം ട്രാവിസ് ഹെഡ് 30 പന്തിൽ 51ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. ഒരു വിക്കറ്റ് പോലും വീഴ്ത്താനാകാത്ത മത്സരത്തിൽ ഇന്ത്യൻ ബൗളർമാരും പരാജയമായി.

നേരത്തെ, ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പേസ് ബൗളർ മിച്ചൽ സ്റ്റാർകിൻറെ മിന്നും പ്രകടനത്തിന് മുന്നിലാണ് തകർന്നത്. സ്റ്റാർക് അഞ്ച് വിക്കറ്റ് വീഴ്ത്തി. 31 റൺസെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. അക്സർ പട്ടേൽ പുറത്താവാതെ 29 റൺസെടുത്തു. രവീന്ദ്ര ജഡേജ (16), ക്യാപ്റ്റൻ രോഹിത് ശർമ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി.

എട്ട് ഓവറിൽ ഒന്ന് മെയ്ഡൻ ഉൾപ്പെടെ 53 റൺസ് വിട്ടുനൽകിയാണ് മിച്ചൽ സ്റ്റാർക് അഞ്ച് വിക്കറ്റ് നേടിയത്. സിയാൻ അബോട്ട് മൂന്ന് വിക്കറ്റും നതാൻ എല്ലിസ് രണ്ട് വിക്കറ്റും നേടി പിന്തുണ നൽകി.

Advertisement