നാണംകെട്ട് ലോക ചാമ്പ്യന്മാർ; പരമ്പര തൂത്തുവാരി ബംഗ്ലാദേശ്

മിർപൂർ: ബംഗ്ലാദേശിലെ മിർപൂർ ഷേർ ബംഗ്ലാ ​നാഷനൽ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത് ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ താരനിര തലതാഴ്ത്തി മടങ്ങുന്ന ദയനീയ കാഴ്ചക്കാണ്. തുടർച്ചയായ മൂന്നാം ട്വൻറി 20യിലും അവർ ബംഗ്ലാ കടുവകളോട് കീഴടങ്ങുമ്പോൾ അവിശ്വസനീയതയോടെയാണ് ലോകം ആ കാഴ്ച കണ്ടത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ആതിഥേയർ പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ചിരുന്നു. ആശ്വാസ ജയം തേടിയിറങ്ങിയ ഇംഗ്ലീഷുകാർക്ക് ബംഗ്ലാദേശ് 159 റൺസ് വിജയലക്ഷ്യമാണ് ഒരുക്കിയത്. എന്നാൽ, 16 റൺസ് അകലെ 142 റൺസിൽ ഇംഗ്ലീഷ് പോരാട്ടം അവസാനിച്ചു.

13 ഓവറിൽ ഒരു വിക്കറ്റിന് 100 എന്ന ശക്തമായ നിലയിലെത്തിയ ഇംഗ്ലണ്ട് അവിശ്വസനീയമായി തകർന്നടിയു​ന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അവസാന അഞ്ച് വിക്കറ്റുകൾ 28 റൺസെടുക്കുന്നതിനിടെയാണ് അവർക്ക് നഷ്ടമായത്. ആദ്യ ട്വന്റി 20 ആറ് വിക്കറ്റിനും രണ്ടാമത്തേത് നാല് വിക്കറ്റിനും ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഷാക്കിബുൽ ഹസനും സംഘവും മൂന്നാമത്തേതിലും സന്ദർശകർക്ക് അവസരം നൽകിയില്ല.

ടോസ് നേടിയ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർമാരായ ലിട്ടൻ ദാസും (57 പന്തിൽ 10 ഫോറും ഒരു സിക്സുമടക്കം 73) റോണി താലുക്ദാറും (22 പന്തിൽ 24) ചേർന്ന് മികച്ച തുടക്കമാണ് ആതിഥേയർക്ക് നൽകിയത്. 7.3 ഓവറിൽ ഇരുവരും ചേർന്ന് 55 റൺസ് ചേർത്താണ് പിരിഞ്ഞത്. ലിട്ടൺ ദാസിനെ ജോർദന്റെ പന്തിൽ സാൾട്ട് പിടികൂടിയപ്പോൾ താലൂക്ദാറിനെ ആദിൽ റാഷിദ് സ്വന്തം ​ബാളിൽ പിടിച്ചു പുറത്താക്കി. എന്നാൽ, തുടർന്നെത്തിയ നജ്മുൽ ഹുസൈൻ ഷാന്റോയും മികച്ച ഫോമിലായിരുന്നു. 36 പന്തിൽ താരം 47 റൺസ് അടിച്ചു. ക്യാപ്റ്റൻ ഷാകിബ് അൽ ഹസന് ആറ് പന്തിൽ നാല് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

159 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലീഷുകാർക്ക് പക്ഷെ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 47 പന്തിൽ 53 റൺസെടുത്ത ഓപണർ ഡേവിഡ് മലാൻ ആണ് ടോപ് സ്കോറർ. സഹ ഓപണർ ഫിൽ സാൾട്ടിനെ നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റ് കീപ്പർ ലിട്ടൺ ദാസ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ക്യാപ്റ്റൻ ജോസ് ബട്‍ലറും മലാനും ചേർന്നുള്ള കൂട്ടുകെട്ട് അനായാസം വിജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 31 പന്തിൽ 40 റൺസെടുത്ത ബട്‍ലർ റണ്ണൗട്ടൗയി മടങ്ങിയതോടെ ഇംഗ്ലീഷുകാരുടെ പതനം തുടങ്ങുകയായിരുന്നു. ബെൻ ​ഡക്കറ്റ് (11), മോയിൻ അലി (9), സാം കറൺ (4) എന്നിവർ വേഗത്തിൽ പുറത്തായി. തുടർന്നെത്തിയ ക്രിസ് വോക്സും (10 പന്തിൽ 13), ക്രിസ് ജോർദനും (നാല് പന്തിൽ രണ്ട്) പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ബംഗ്ലാദേശി​നായി ടസ്കിൻ അഹ്മദ് രണ്ട് വിക്കറ്റ് നേടിയപ്പോൾ തൻവിർ ഇസ്‍ലാം, ഷാകിബ് അൽ ഹസൻ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ലിട്ടൺ ദാസ് കളിയിലെ താരമായും നജ്മുൽ ഹുസൈൻ ഷാന്റോ പരമ്പരയിലെ താരമായും തെര​ഞ്ഞെടുക്കപ്പെട്ടു.

Advertisement