ആറ് വിക്കറ്റുമായി അശ്വിൻ; ആസ്ട്രേലിയ 480ന് പുറത്ത്

അഹ്മദാബാദ്: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് മികച്ച സ്കോർ. ഓപണർ ഉസ്മാൻ ഖാജ (180), കാമറൂൺ ഗ്രീൻ (114) എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളുടെ മികവിൽ 480 റൺസാണ് ഓസീസ് അടിച്ചെടുത്തത്. ആറ് വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനാണ് ആതിഥേയ ബൗളർമാരിൽ തിളങ്ങിയത്. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജദേജ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ക്ഷമയോടെ ക്രീസിൽ പിടിച്ചുനിന്ന് 422 പന്തുകൾ നേരിട്ടാണ് ഉസ്മാൻ ഖാജ 180 റൺസ് അടിച്ചെടുത്തത്. ഇരട്ട സെഞ്ച്വറിയിലേക്ക് നീങ്ങിയ താരത്തെ അക്സർ പട്ടേൽ എൽ.ബി.ഡബ്ലുവിൽ കുടുക്കുകയായിരുന്നു. ഈ പ്രകടനത്തോടെ 21ാം നൂറ്റാണ്ടില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 150 റണ്‍സ് അടിക്കുന്ന രണ്ടാമത്തെ മാത്രം ആസ്ട്രേലിയന്‍ ബാറ്ററായി ഖാജ. 2001ലെ ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ മാത്യു ഹെയ്ഡന്‍ 203 റണ്‍സടിച്ചിരുന്നു. ഹെയ്ഡനുശേഷം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന ആസ്ട്രേലിയന്‍ ഓപണറെന്ന റെക്കോഡും ഖാജ സ്വന്തമാക്കി.

ഒന്നാം ദിനം 104 റൺസുമായി ക്രീസിലുണ്ടായിരുന്ന ഉസ്മാൻ ഖാജയും 49 റൺസുമായി പുറത്താകാതെ നിന്നിരുന്ന കാമറൂൺ ഗ്രീനും ചേർന്ന് 208 റൺസ് കൂട്ടുകെട്ടുയർത്തിയാണ് പിരിഞ്ഞത്. ടെസ്റ്റിൽ കാമറൂൺ ഗ്രീനിന്റെ ആദ്യ സെഞ്ച്വറിയാണ് പിറന്നത്. 170 പന്തിൽ 114 റൺസെടുത്ത താരത്തെ അശ്വിൻ വിക്കറ്റ് കീപ്പർ ഭരതിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

​ഗ്രീൻ മടങ്ങിയ ശേഷം ക്രീസിലെത്തിയ അലക്സ് കാരി പൂജ്യനായി മടങ്ങി. അശ്വിന്റെ പന്തിൽ അക്സർ പട്ടേൽ പിടികൂടുകയായിരുന്നു. ആറ് റൺസെടുത്ത മിച്ചൽ സ്റ്റാർക്കിനെ അശ്വിൻ ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു. എന്നാൽ, നഥാൻ ലിയോണും ടോഡ് മർഫിയും ചേർന്ന് വാലറ്റത്ത് ചെറുത്തുനിന്നത് ഇന്ത്യക്ക് തിരിച്ചടിയായി. മർഫി 41ഉം ലിയോൺ 34ഉം റൺസെടുത്ത് പുറത്തായി. ട്രാവിഡ് ഹെഡ് (32), മാർനസ് ലബൂഷെയ്ൻ (മൂന്ന്), സ്റ്റീവൻ സ്മിത്ത് (38), പീറ്റർ ഹാൻഡ്സ്കോംബ് (17) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. മാത്യു കുനേമൻ റൺസെടുക്കാതെ പുറത്താവാതെ നിന്നു.

Advertisement