അക്തർ അന്നേ പറഞ്ഞു, ബുമ്ര ഒരു വർഷത്തിനകം പരിക്കേറ്റ് പുറത്താവും; അച്ചട്ടായി പ്രവചനം

മുംബൈ: ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പേസർ ജസ്പ്രീത് ബുമ്ര പരിക്കിനെത്തുടർന്ന് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായതിൻറെ ഞെട്ടലിലാണ് ആരാധകർ. ബുമ്ര ലോകകപ്പിൽ കളിക്കില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കളിക്കാനുള്ള സാധ്യത വിരളമാണെന്നാണ് റിപ്പോർട്ട്.

പുറത്തേറ്റ പരിക്കിനെത്തുടർന്ന് രണ്ട് മാസത്തെ വിശ്രമത്തിനുശേഷം മത്സര ക്രിക്കറ്റിൽ തിരിച്ചെത്തിയ ബുമ്ര ഓസ്ട്രേലിയക്കെതിരെ രണ്ട് ടി20 മത്സരങ്ങളിൽ കളിച്ചെങ്കിലും നടു വേദന അലട്ടിയതിനാൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ബുമ്രക്ക് ഒരു മാസം മുതൽ ആറ് മാസം വരെ വിശ്രമം വേണ്ടി വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്.

അതെന്തായാലും ബുമ്രയുടെ നടുവിന് പരിക്കേൽക്കാനുള്ള സാധ്യത ഒരു വർഷം മുമ്പെ പ്രവചിച്ച മുൻ പാക് പേസർ ഷൊയൈബ് അക്തറുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.സ്പോർട്സ് ടാക്കിനോട് സംസാരിക്കുമ്പോഴായിരുന്നു ബുമ്രക്ക് ഒരു വർഷത്തിനുള്ളിൽ പരിക്കേൽക്കുമെന്ന അക്തറിൻറെ പ്രവചനം.

ബുമ്രയുടെ ഫ്രണ്ട് ഓൺ ആക്ഷൻ നടുവിന് കൂടുതൽ സമ്മർദ്ദം കൊടുക്കുന്നതാണെന്നും സൈഡ് ഓൺ ആക്ഷനിൽ പന്തെറിയുന്ന ബൗളർമാരെക്കാൾ പരിക്കേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അക്തർ പറഞ്ഞിരുന്നു. ന്യൂസിലൻഡ് പേസർ ഷെയ്ൻ ബോണ്ട്, വിൻഡീസ് പേസർ ഇയാൻ ബിഷപ്പ് എന്നിവരുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബുമ്രക്കും ഇവരെപ്പോലെ പരിക്കേൽക്കാനുള്ള സാധ്യത അക്തർ വിശദീകരിച്ചത്.

ബുമ്രയെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ചാൽ ഒരു വർഷത്തിനകം അദ്ദേഹത്തിൻറെ നടുവിന് പരിക്കേൽക്കുമെന്നും അഞ്ച് മത്സര പരമ്പര കളിക്കുമ്പോൾ മൂന്ന് മത്സരങ്ങളിൽ മാത്രം കളിപ്പിച്ച് മറ്റ് രണ്ട് മത്സരങ്ങളിൽ വിശ്രമം നൽകണമെന്നും അക്തർ പറഞ്ഞിരുന്നു. അക്തറുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ചാണ് ആരാധകർ ഇപ്പോൾ വീഡിയോ പങ്കുവെക്കുന്നത്. മുൻ വിൻഡീസ് പേസർ മൈക്കൽ ഹോൾഡിംഗും ബുമ്രയുടെ നടുവിന് പരിക്കേൽക്കാനുള്ള സാധ്യത നേരത്തെ പ്രവചിച്ചിരുന്നു.

Advertisement