ജസ്പ്രീത് ബുമ്ര ലോകകപ്പ് കളിക്കില്ല

Advertisement

മുംബൈ: ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്കു തിരിച്ചടിയായി പേസർ ജസ്പ്രീത് ബുമ്രയുടെ പരുക്ക്. ബുമ്ര ലോകകപ്പ് കളിക്കില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ചൊവ്വാഴ്ച പരിശീലനത്തിനിടെ ബുമ്ര നടുവേദനയുണ്ടെന്നു പരാതിപ്പെട്ടതായി ബിസിസിഐയും സ്ഥിരീകരിച്ചിട്ടുണ്ട്. നടുവേദന കാരണം തിരുവനന്തപുരത്തു നടന്ന ട്വന്റി20 മത്സരത്തിൽ താരം കളിച്ചിരുന്നില്ല.

ബിസിസിഐ മെഡിക്കൽ ഉദ്യോഗസ്ഥർ ബുമ്രയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി. താരത്തിനു ലോകകപ്പ് കളിക്കാനാകില്ലെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങൾ കാരണം ഏഷ്യാകപ്പ് മത്സരങ്ങൾ നഷ്ടമായ ബുമ്ര ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾ താരം കളിച്ചിരുന്നു.

ആറു മാസത്തോളം ബുമ്രയ്ക്കു പുറത്തിരിക്കേണ്ടിവരുമെന്ന് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോടു വെളിപ്പെടുത്തി. ബുമ്ര ഇല്ലെങ്കിൽ പകരക്കാരുടെ നിരയിലുള്ള മുഹമ്മദ് ഷമിയോ, ദീപക് ചാഹറോ ലോകകപ്പ് ടീമിൽ ഇടം പിടിക്കും.

Advertisement