ഇസ്ലാമബാദ്: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ടീമില്‍ നിന്ന് കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് പേസര്‍ ഷഹീന്‍ അഫ്രീദിയെ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. നാല് മുതല്‍ ആറാഴ്ച വരെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇപ്പോഴിതാ താരത്തിന് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം. വലം കൈയന്‍ പേസറായ മുഹമ്മദ് ഹസ്നൈനാണ് അഫ്രീദിയുടെ പകരക്കാരനായി ടീമിലെത്തുന്നത്. നിലവില്‍ ദി ഹണ്ട്രഡില്‍ ഓവല്‍ ഇന്‍വിസിബിള്‍സിനായി കളിക്കുന്ന താരമാണ് മുഹമ്മദ് ഹസ്നൈന്‍. പാകിസ്ഥാനായി 18 ടി20 മത്സരങ്ങളും എട്ട് ഏകദിന മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഈ മാസം 27 മുതലാണ് ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. 28ന് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരും.