ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ടി20 സെമി പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 165 റണ്‍സ്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 32 പന്തില്‍ 61 റണ്‍സ് നേടിയ ഇന്ത്യയുടെ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിയത്. ഇന്ത്യയ്ക്കായി ഷഫാലി വര്‍മ (15), ജെമീമ റോഡ്രിഗസ് (44-നോട്ടൗട്ട്), ഹര്‍മന്‍ പ്രീത് കൗര്‍ (20), ദീപ്തി ശര്‍മ (22) എന്നിവര്‍ റണ്‍സ് കണ്ടെത്തി. ഇംഗ്ലണ്ടിനായി ഫ്രെയ കെംപ് 2 വിക്കറ്റും കാതറിന്‍ ബ്രന്റ്, നാറ്റ് സ്‌കൈവര്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.
ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ ഓസ്ട്രേലിയക്ക് മുന്‍പില്‍ തോല്‍വി വഴങ്ങി. ഗ്രൂപ്പ് ബിയില്‍ ഒന്നാമതായാണ് ഇംഗ്ലണ്ടിന്റെ വരവ്. മൂന്ന് മത്സരങ്ങിലും ഇംഗ്ലണ്ട് ജയം നേടി.


ടി20 ക്രിക്കറ്റില്‍ 22 വട്ടമാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയത്. അതില്‍ 17 വട്ടവും ജയം പിടിച്ചത് ഇംഗ്ലണ്ട്. ഇന്ത്യ ജയിച്ചത് 5 തവണ മാത്രം. കഴിഞ്ഞ 5 വട്ടം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇംഗ്ലണ്ട് 3 ജയവും ഇന്ത്യ രണ്ട് ജയവും നേടി. 2017ലെ വനിതാ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ കൈകളില്‍ നിന്ന് നേരിട്ട തോല്‍വിക്കും ഇന്ത്യക്ക് കണക്ക് വീട്ടാനുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് ടി20 ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തില്‍ 3 വിക്കറ്റിന് ഓസ്ട്രേലിയയോട് തോറ്റാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാനെ 99ല്‍ ചുരുട്ടിക്കെട്ടിയ ഇന്ത്യ 8 വിക്കറ്റ് ജയം പിടിച്ചു. ബാര്‍ബഡോസിന് 100 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്.