മദ്രാസ് ഹൈക്കോടതിയുടെ താലി വിധി: മാധ്യമ റിപ്പോര്‍ട്ടുകള്‍ കൃത്യതയില്ലാത്തത്

Advertisement


ചെന്നൈ: കഴിഞ്ഞ ദിവസത്തെ മദ്രാസ് ഹൈക്കോടതിയുടെ ഒരു വിധി സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒരു വിവാഹ മോചനവുമായി ബന്ധപ്പെട്ട വിധിയാണ് വലിയ ചര്‍ച്ചയായത്.

താലി അഴിച്ച് മാറ്റുന്നത് അതിക്രൂരമായ നടപടിയാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു. കോടതി ഉത്തരവിനെ ചോദ്യം ചെയ്യാന്‍ പലരും സാമൂഹ്യമാധ്യമങ്ങളാണ് ഉപയോഗിച്ചത്.

എന്നാല്‍ വിധി സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടിലെ പിഴവാണ് ഇത്തരമൊരു തെറ്റിദ്ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിയതെന്നാണ് നിരീക്ഷണം. താലി അഴിച്ച് മാറ്റുന്നത് ക്രൂരതയല്ലെന്നാണ് യഥാര്‍ത്ഥത്തില്‍വിധിയില്‍ പറയുന്നതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിധിക്ക് കാരണമായ കേസില്‍ ഭാര്യയ്‌ക്കെതിരെ ഭര്‍ത്താവ് നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. തന്നെ സംശയിക്കുന്നത് മുതല്‍ സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് പോലും തനിക്കെതിരെ വിവാഹേതര ബന്ധങ്ങള്‍ ആരോപിക്കുന്നത് അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭര്‍ത്താവിനെതിരെ ഭാര്യ അടിസ്ഥാനമില്ലാതെയുള്ള പരാതി സമര്‍പ്പിച്ചതും ഇക്കൂട്ടത്തില്‍ പെടുന്നു. ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയ വേളയില്‍ താലി പ്രശ്‌നം കൂടി കോടതി സൂചിപ്പിക്കുകയായിരുന്നു. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് ഭാര്യയുടെ സ്വഭാവം മാനസിക ക്രൂരതയാണെന്ന നിരീക്ഷണം കോടതി നടത്തിയത്.

കേസില്‍ കക്ഷികളുടെ താത്പര്യം ചൂണ്ടിക്കാട്ടാന്‍ വേണ്ടി മാത്രമാണ് താലി പ്രശ്‌നം എടുത്ത് കാട്ടിയത്. ഇതടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചാണ് കോടതി വിവാഹ ബന്ധം തുടരേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതില്‍ താലിക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement