മഹാരാഷ്ട്രയിൽ അതിതീവ്ര മഴ : മരണം 83 ആയി ഉയർന്നു, 353 പേരെ മാറ്റിപ്പാർപ്പിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ കാലവർഷക്കെടുതിയിൽ മരണമടഞ്ഞവരുടെ എണ്ണം 83 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. രണ്ടു പേരെ കാണാതായി. 95 പേരെ മാറ്റിപ്പാർപ്പിച്ചു. ഇതുവരെ 353 പേരെയാണ് ഒഴിപ്പിച്ചത്. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചത് ഘട്ട്ചരോളിയിലാണ്.

ഉത്തര മഹാരാഷ്ട്രയിലെ നാസിക്കിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരോടും കച്ചവടക്കാരോടും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിരിക്കയാണ്.

വെള്ളപ്പൊക്കത്തിൽ പല ഗ്രാമങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കാൻ വേണ്ട നടപടികൾക്കായി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സഹായവും ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പാൽഘർ ജില്ലയിലെ 8 ഗ്രാമങ്ങളിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ് ഏഴോളം വീടുകളും തകർന്നു.
കനത്ത മഴക്ക് സാധ്യത മുന്നിൽ കണ്ട് മഹാരാഷ്ട്രയിൽ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയിലും താനെയിലും വ്യാഴാഴ്ച വരെ ഓറഞ്ച് അലർട്ട് നിലവിലുണ്ട്.

Advertisement