സെമിത്തേരിയില്‍ മണ്ണ് അനങ്ങുന്നത് കണ്ട് പരിശോധിച്ചവര്‍ ഞെട്ടി, ജീവനോടെ കുഴിച്ചിട്ടിരുന്നത് മൂന്നുവയസുകാരിയെ

പട്ന. സെമിത്തേരി സന്ദര്‍ശിക്കാനെത്തിയ സ്ത്രീകളാണ് അപ്പോള്‍ മൂടിയതുപോലെ കണ്ട കുഴിമാടത്തില്‍ മണ്ണ് അനങ്ങുന്നത് കണ്ടത്. അവര്‍ മണ്ണ് നീക്കം ചെയ്തപ്പോള്‍ നടുങ്ങി,മൂന്നുവയസുകാരിയായിരുന്നു അത്. കുട്ടിയ്ക്ക് അപ്പോഴും ജീവനുണ്ടായിരുന്നു. ബിഹാറില്‍ കോപാ മര്‍ഹ നദിക്കരികിലെ സെമിത്തേരിയിലാണ് കുഞ്ഞിനെ കുഴിച്ചിട്ടത്.

കുട്ടിയെ ശവക്കുഴിയില്‍നിന്നും ജീവനോടെ കിട്ടി എന്നതിനേക്കാള്‍ ആളുകളെ ഞെട്ടിച്ചത് അത് ആരാണ് ചെയ്തത് എന്നതാണ്.വര്‍ത്തമാനപത്രം ദൈനിക് ഭാസ്‌കറിന്റെ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട് കൊല്ലാന്‍ ശ്രമിച്ചത് അവളുടെ അമ്മയും അമ്മയുടെ അമ്മയും ചേര്‍ന്നാണ്. ഈ വിവരം കുട്ടി തന്നെയാണ് വെളിപ്പെടുത്തിയത്.

അവളുടെ അമ്മ അവളുടെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. ശേഷം അവളുടെ വായില്‍ മണ്ണ് നിറച്ചു. പിന്നീട് ജീവനോടെ കുഴിച്ചിടുകയായിരുന്നു. കുട്ടിക്ക് അവളുടെ ഗ്രാമം ഏതാണ് എന്ന് ഓര്‍ത്തെടുത്ത് പറയാന്‍ സാധിച്ചില്ല. എന്നാല്‍, ഈ ഹൃദയഭേദകമായ സംഭവം അവളുടെ ഓര്‍മ്മയിലുണ്ടായിരുന്നു. അവള്‍ പൊലീസിനോട് ഈ വിവരങ്ങളെല്ലാം പറഞ്ഞു. സ്ത്രീകള്‍ എത്തുന്നതിന് കുറച്ച് മുമ്ബ് മാത്രമായിരിക്കണം അവളെ അവിടെ കുഴിച്ചിട്ടിരിക്കുക. അതിനാല്‍ മാത്രമാണ് അവളുടെ ജീവന്‍ രക്ഷിച്ചെടുക്കാന്‍ സാധിച്ചത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട എഎസ്ഐ രവീന്ദര്‍ സിംഗ് സ്ഥലത്തെത്തുമ്‌ബോള്‍ കുട്ടിയോട് ഗ്രാമവാസികള്‍ സംസാരിക്കുകയായിരുന്നു. അവര്‍ കൊടുത്ത വെള്ളവും അവള്‍ കുടിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ ആരോഗ്യാവസ്ഥ വളരെ മോശമായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തന്റെ പേര് ലാലി എന്നാണെന്നും അച്ഛന്റെ പേര് രാജു എന്നും അമ്മയുടെ പേര് രേഖാ ദേവി എന്നാണെന്നും കുട്ടി പറഞ്ഞു. അമ്മയും അമ്മമ്മയും തന്നെ ഉപദ്രവിച്ചു, താന്‍ കരഞ്ഞപ്പോള്‍ വായില്‍ മണ്ണ് നിറച്ചു, പിന്നീട് കുഴിച്ചിട്ടു എന്നും കുട്ടി പറഞ്ഞു.

Advertisement