ന്യൂഡൽഹി: കോടതി അലക്ഷ്യ കേസിൽ വിവാദ വ്യവസായി വിജയ മല്യക്ക് സുപ്രീം കോടതി നാല് മാസത്തെ തടവ് ശിക്ഷയും രണ്ടായിരം രൂപ പിഴയും വിധിച്ചു.

പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകേണ്ട നാൽപത് ദശലക്ഷം അമേരിക്കൻ ഡോളർ പലിശ സഹിതം നാല് ആഴ്ചക്കുള്ളിൽ നൽകാനും കോടതി നിർദേശിച്ചു.

തുക നൽകിയില്ലെങ്കിൽ മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ബാങ്കുകൾക്ക് കടക്കാമെന്നും ജസ്റ്റിസ് യു. യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം നൽകിയ ഹർജിയിലാണ് വിധി പ്രസ്താവം.

വിവിധ ബാങ്കുകൾക്ക് മല്യ നൽകാനുണ്ടായിരുന്ന 6400 കോടിരൂപ നൽകാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തിനെതിനെതിരെയാണ് കോടതിയലക്ഷ്യ കേസ്. മല്യ കോടതിയലക്ഷ്യക്കുറ്റം ചെയ്തതായി 2017-ൽ സുപ്രീംകോടതി വിധിച്ചു. കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. വായ്പകൾ തിരിച്ചടക്കാതെ രാജ്യംവിട്ട മല്യ ഇതിന് തയ്യാറായില്ല. മല്യയെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള നിയമനടപടി ലണ്ടനിൽ പുരോഗമിക്കുന്നതിനിടൈയാണ് സുപ്രീംകോടതി വിധി.