ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തെ അടച്ചിരിക്കലിന് ശേഷം സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. സ്‌കൂളുകള്‍ തുറന്ന് ഒന്നരമാസം പിന്നിടുമ്പോഴും ഏറെ വെല്ലുവിളികളാണ് അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരു പോലെ നേരിടുന്നത്.

കോവിഡ് മഹാമാരി എത്തിയതോടെ കുട്ടികളുടെ നിത്യ ജീവിതത്തിലാണ് വലിയ മാറ്റങ്ങള്‍ സംഭവിച്ചത്. സാധാരണയായി രാവിലെ ഉറക്കമുണര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ച് ഭക്ഷണവും കഴിച്ച് സ്‌കൂളില്‍ പോയി പഠിച്ചും ഉല്ലസിച്ചും നടന്ന കുട്ടികള്‍ പെട്ടെന്നൊരു ദിവസം വീട്ടിനുള്ളിലെ നാല് ചുവരുകള്‍ക്കുള്ളിലേക്ക് തളയ്ക്കപ്പെട്ടു. ഇത് അവരുടെ പല നൈപുണികളെയും സാരമായി ബാധിച്ചു. എഴുതാനും വായിക്കാനുമുള്ള കഴിവുകള്‍ പോലും പലര്‍ക്കും ഇല്ലാതായി. ഇപ്പോള്‍ ഇവര്‍ കൂടുതല്‍ സാങ്കേതികതയെ ആശ്രയിക്കുന്നവരായി മാറിയിരിക്കുന്നു.

റെക്കോര്‍ഡ് ചെയ്ത ക്ലാസുകളും പിഡിഎഫ് നോട്ടുകളും ടൈപ്പ് ചെയ്യുന്ന ഗൃഹപാഠങ്ങളുമായി കഴിഞ്ഞകുട്ടികള്‍ വീണ്ടും നേരിട്ട് ഇതെല്ലാം ചെയ്യേണ്ട അവസ്ഥയിലായിരിക്കുന്നു. കുട്ടികളുടെ ഉറക്ക-ഭക്ഷചര്യകളെ പോലും മഹാമാരി മാറ്റി മറിച്ചു. വീട്ടിന്റെ സൗകര്യങ്ങളിലിരുന്ന് ക്ലാസില്‍ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യമാണ് രണ്ട് വര്‍ഷമായി അവര്‍ക്ക് ലഭിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്‌കൂള്‍ ടൈം ടേബിള്‍ അനുസരിച്ച് പോകുന്നത് ഇവര്‍ക്ക് ചില്ലറ ബുദ്ധിമുട്ടുകളല്ല സൃഷ്ടിക്കുന്നത്.

മിക്ക കുട്ടികള്‍ക്കും ഇപ്പോള്‍ ഫോണുണ്ട്. നേരത്തെ ഉണ്ടായിരുന്ന ഓണ്‍ ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ ലഭ്യമാക്കിയതാണവ. സ്‌കൂളുകളില്‍ ഇപ്പോള്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ ആയിട്ടും ഇവരുടെ സ്‌ക്രീന്‍ ടൈമില്‍ കാര്യമായ മാറ്റങ്ങളില്ല. മിക്ക കുട്ടികളും ഫോണ്‍ താഴെ വയ്ക്കാന്‍ തയാറാകുന്നില്ല. ഇത് വീടുകളില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുന്നുമുണ്ട്. ചില കുട്ടികള്‍ സ്‌കൂളിലേക്ക് ഫോണ്‍ കൊണ്ടുപോകുന്നുമുണ്ട്. മിക്ക സ്‌കൂളുകളിലും ഇത് അനുവദനീയമല്ലെങ്കില്‍ പോലും കുട്ടികളുടെ കൈവശം ഫോണുള്ളതായി കണ്ടെത്തുന്നുണ്ട്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കുട്ടികള്‍ പലപ്പോഴും ക്യാമറ ഓഫ് ചെയ്താണ് ഇരിക്കുന്നത്. പലരും പല്ല് തേയ്ക്കാതെയും കുളിക്കാതെയും വീട്ടിലിരിക്കുന്ന വസ്ത്രത്തോടെയാണ് ക്ലാസുകളിലും ഇരിക്കുന്നത്. സ്‌കൂള്‍ തുറന്നതോടെ ഇവര്‍ക്ക് സമയം ഫലപ്രദമായി വിനിയോഗിക്കാനാകാത്ത സ്ഥിതിയാണ് ഉള്ളത്. സ്‌കൂളില്‍ വൈകി എത്തുന്നത് മുതല്‍ സമയത്ത് ക്ലാസ് വര്‍ക്കുകള്‍ പൂര്‍ത്തികരിച്ച് നല്‍കാത്തത് വരെയുള്ളതാണ് പ്രശ്‌നങ്ങള്‍. മൊത്തത്തില്‍ സമയം ഉപയോഗിക്കുന്നതില്‍ ഇവര്‍ക്ക് വലിയ താമസം വരുന്നുണ്ട്.

നേരത്തെ കുട്ടികള്‍ ചിട്ടയായി ഉറങ്ങുകയും ഉണരുകയും ചെയ്തിരുന്നു. എന്നാല്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ ഇതിന്റെ ആവശ്യം ഇല്ലാതായി. ഇത് അവരുടെ ജൈവ ഘടികാരത്തെ പോലും ബാധിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ കഴിഞ്ഞും പലരും ഉറക്കം ശീലമാക്കാന്‍ തുടങ്ങി. ഇതിപ്പോള്‍ കുട്ടികളെ വല്ലാതെ ബാധിച്ചിട്ടുണ്ട്.

വീട്ടിലിരുന്ന് പഠിക്കുകയും വീട്ടില്‍ ചുറ്റിക്കറങ്ങി നടക്കുകയുമായിരുന്നു നേരത്തെ പതിവ്. സ്‌കൂളിലേക്ക് തിരികെ എത്തിയതോടെ അരമണിക്കൂര്‍മുതല്‍ മുക്കാല്‍ മണിക്കൂര്‍ വരെ ഒരേ ഇരിപ്പ് ഇരിക്കേണ്ടി വരുന്നു. ഇത് അവരെ ഏറെ മുഷിപ്പിക്കുന്നു. കുട്ടികളുടെ ശ്രദ്ധയെയും ഇത് ബാധിക്കുന്നു.

മിക്ക സ്‌കൂളുകള്‍ക്കും കൃത്യമാ വസ്ത്രധാരണ രീതികളുണ്ട്. എന്നാല്‍ ഇപ്പോള്‍ മിക്ക കുട്ടികളും നിറം കൊടുത്ത മുടിയും നീട്ടി വളര്‍ത്തിയ നഖവുംചെറിയ യൂണിഫോമും ഡിജിറ്റല്‍ വാച്ചുകളുമായാണ് ക്ലാസിലെത്തുന്നത്. ഇത് മിക്ക സ്‌കൂളുകളിലും അനുവദനീയമല്ല. കുട്ടികള്‍ സ്‌കൂള്‍ നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്.

സ്‌കൂളുകളില്‍ കുട്ടികള്‍ തിരിച്ചെത്തിയതോടെ ഇവരുടെ സാമൂഹ്യ-വൈകാരിക നൈപുണികള്‍ വികസിപ്പിക്കേണ്ടത് പ്രധാനമായി വന്നിരിക്കുന്നു. മിക്ക സ്‌കൂളുകളും കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് വേണ്ട മാനസിക പിന്തുണയും നല്‍കുന്നു. വളരെകാലത്തിന് ശേഷം സ്‌കൂളില്‍ തിരിച്ചെത്തിയ കുട്ടികളുടെ സാമൂഹ്യ കഴിവുകള്‍ വികസിപ്പിക്കാനും സ്‌കൂളുകള്‍ വേണ്ട പിന്തുണ നല്‍കുന്നുണ്ട്. ഇവരില്‍ സാമൂഹ്യബോധവും സഹവര്‍ത്തിത്വവും വികസിപ്പിക്കാനും സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നു.

മഹാമാരിക്ക് ശേഷം ചില കുട്ടികള്‍ വലിയ ആകാംക്ഷയിലും ഭയത്തിലുമാണ് ജീവിക്കുന്നത്. കുട്ടികളില്‍ ചിലര്‍ക്ക് രക്ഷിതാക്കളില്‍ ആരെയെങ്കിലുമോ കുടുംബത്തില്‍ ആരെയെങ്കിലുമോ ഈ മഹാമാരി നഷ്ടമാക്കിയിട്ടുണ്ട്. ഇത്തരം കുട്ടികളെ ഏറെ വൈകാരികമായി വേണം കൈകാര്യം ചെയ്യേണ്ടത്. പാഠ്യമികവിന് അപ്പുറം ഇവരുടെ വൈകാരികതലത്തിലുള്ള ഉയിര്‍പ്പിനാകണം മുന്‍ഗണ നല്‍കാന്‍. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയാറാണ്. എന്നാല്‍ ഇത് പലരിലും പലതോതിലാണ്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ചിലപ്പോള്‍ മാറ്റത്തിന് ഏറെ തടസങ്ങള്‍ ഉണ്ടാകാറുണ്ട്.

ഇത്തരത്തില്‍ കുട്ടികളിലെ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് അവരെ ശരിയായ ദിശയിലേക്ക് കൊണ്ടുവരേണ്ടത് സ്‌കൂള്‍ അധികൃതരുടെ മാത്രം ഉത്തരവാദിത്തമല്ല. സ്‌കൂളില്‍ എന്ത് സംഭവിക്കുന്നു എന്ന് മനസിലാക്കി അതനുസരിച്ച് വേണ്ടമാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി രക്ഷിതാക്കളും ഇവര്‍ക്കൊപ്പം കൂടുക. ഇത് കുട്ടികള്‍ക്ക് ഏറെ സഹായകമാകും.

കുട്ടികളെ കൂടുതല്‍ അലട്ടാതെ അവര്‍ക്ക് ഇതുമായി പൊരുത്തപ്പെടാന്‍ ആവശ്യമായ സമയം നല്‍കുകയാണ് പ്രധാനം. കൂടുതല്‍ നല്ലതിനായി മാറ്റത്തിനൊപ്പം , കുട്ടികള്‍ക്കൊപ്പം നില്‍ക്കുക. ഇത് നല്ല ഫലം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.