ദേശീയപാതയോരത്തുള്ള മഞ്ഞുമലകള്‍ വേഗത്തില്‍ നശിക്കുന്നുവെന്ന് പഠനം


്്ശ്രീനഗര്‍: ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ നശിക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയപാതയോരത്തുള്ള മഞ്ഞുമലകളുടെ നാശമാണ് അതിവേഗത്തിലായിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാര്‍ഗില്‍ യുദ്ധം നടന്നതിന് പരിസരത്തുള്ള മഞ്ഞുമലകള്‍ പത്ത് കൊല്ലം മുമ്പുണ്ടായിരുന്ന അത്രയും ഇല്ലെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

2020ന് ശേഷം യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള മഞ്ഞുമലകള്‍ക്ക് സമീപം സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചത് മലനിരകളെ ബാധിച്ചിരിക്കുന്നു. ഇവിടുത്തെ വാഹനങ്ങളുടെ വര്‍ദ്ധനവാണ് മഞ്ഞുമലകള്‍ക്ക് ദോഷം വരുത്തിയിട്ടുള്ളത്. എന്‍വയോണ്‍മന്റല്‍ സയന്‍സ് പോല്യുഷന്‍ റിസര്‍ച്ച് എന്ന ജേര്‍ണലിലാണ് ഇതേക്കുറിച്ചുള്ള വിശദമായ പഠനക്കുറിപ്പ് ഉള്ളത്. രണ്ട് പതിറ്റാണ്ടിലെ 77 മഞ്ഞുമലകളുടെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇവര്‍ പഠനം നടത്തിയിരിക്കുന്നത്. 2000 മുതല്‍ 2020വരെയുള്ള ചിത്രങ്ങളാണ് പഠന വിധേയമാക്കിയത്. 0.27 ചതുരശ്ര കിലോമീറ്റര്‍ മുതല്‍ 14,01 ചതുരശ്ര കിലോമീറ്റര്‍ വലുപ്പമുള്ള മഞ്ഞുമലകളാണ് പഠനവിധേയമാക്കിയത്. 2000ത്തില്‍ 176.77 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന മഞ്ഞുമലകള്‍ 2020ആയപ്പോഴേക്കും 171.46 ചതുരശ്രകിലോമീറ്ററായി ചുരുങ്ങി. അതായത് മൊത്തം മഞ്ഞുനിരകളുടെ വിസ്തൃതിയില്‍ മൂന്ന് ശതമാനം കുറവുണ്ടായി.

മഞ്ഞുനിരകളില്‍ 0.24ശതമാനം മുതല്‍ പതിനഞ്ച് ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. മാലിന്യ നിക്ഷേപവും മഞ്ഞുമലകള്‍ ഉരുകുന്നതിന് വലിയതോതില്‍ കാരണമായി. മഞ്ഞുമലകളുടെ ഘനം 1.27 മുതല്‍ 1.08 മീറ്റര്‍ വരെ കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥ ശാസ്ത്രജ്ഞന്‍ ഷക്കീല്‍അഹമ്മദ് റോം ഷൂ വും മറ്റ് അഞ്ച് പേരും ചേര്‍ന്നാണ് പഠനം നടത്തിയത്. പണ്ഡിതരായ ഖാലിദ് ഒമര്‍ മുര്‍ത്താസ, വഹീദ് ഷാ, തൗസീഫ് റംസാന്‍, ഉമ്മര്‍അമീന്‍, മുസ്തഫ ഹമീദ് ഭട്ട് എന്നിവരാണ് പഠനത്തില്‍ സഹകരിച്ച മറ്റുള്ളവര്‍.

മഞ്ഞുമലകളുടെ താഴെയുള്ള ഭാഗം 4.1ശതമാനം ഉരുകിയപ്പോള്‍ മധ്യ- മുകള്‍ ഭാഗങ്ങളില്‍ 3.23, 1.46ശതമാനം വരെയാണ് ഈ കാലഘട്ടത്തില്‍ ഉരുകിയിട്ടുള്ളതെന്നും പഠനം വ്യക്തമാക്കുന്നു.

മേഖലയില്‍ വലിയതോതിലുള്ള വാഹനഗതാഗതമാണ് മഞ്ഞുമലകളുടെ ഉരുകല്‍ വേഗത്തിലാക്കിയതെന്നും ഇത് സൂചിപ്പിക്കുന്നു. ഓരോ ക്യുബിക് മീറ്ററിലും കറുത്ത കാര്‍ബണ്‍ സ്ഥിരീകരണം 287 മുതല്‍ 3,726 നാനാഗ്രാമാണ്. അതായത് ക്യൂബിക് മീറ്ററില്‍ ശരാശരി 1518 നാനോഗ്രാമാണ്. ഹിന്ദുക്കുഷ് ഹിമാലയന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെക്കാള്‍ വളരെ കൂടുതലാണ് ഇത്.

1980 മുതല്‍ 2020 വരെ കറുത്ത കാര്‍ബണ്‍ കേന്ദ്രീകരിക്കലില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. 1984ല്‍ ക്യുബിക് മീറ്ററില്‍ 338 നാനോഗ്രാമായിരുന്ന കാര്‍ബണ്‍ കേന്ദ്രീകരിക്കല്‍ 2020ല്‍ 634 നാനോഗ്രാമായി ഉയര്‍ന്നു. ദേശീയപാതയുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയ്ക്ക് സമീപമുള്ള പതിനേഴ് മഞ്ഞുമലകള്‍ക്കാണ് കാര്യമായ ശോഷണം സംഭവിച്ചിട്ടുള്ളത്. അതേസമയം ദേശീയപാതയില്‍ നിന്ന് അകന്ന് സ്ഥിതി ചെയ്യുന്ന മഞ്ഞുമലകള്‍ക്ക് 2.82 ശതമാനം മാത്രമാണ് ശോഷണം ഉണ്ടായിട്ടുള്ളത്. അതായത് വലിയ വാഹനങ്ങളാണ് 60ശതമാനം ശോഷണത്തിനും കാരണം കാര്‍ബണ്‍ ബഹിര്‍ഗമനമാണ്.

ആഗോളതലത്തില്‍ സംഭവിച്ചിട്ടുള്ള കാലാവസ്ഥ വ്യതിയാനവും മഞ്ഞുമലകളുടെ ശോഷണത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. സൈനിക വാഹനങ്ങളുടെയും നാട്ടുകാരുടെ വാഹനങ്ങളുടെയും സാന്നിധ്യവും ഇതിന് കാരണമായി. കാലാവസ്ഥ വ്യതിയാനം ഇതുപോലെ തുടര്‍ന്നാല്‍ ഹിമാലയം മഞ്ഞുമലകള്‍ പൂര്‍ണമായും ഇല്ലാതാകുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് മേഖലയിലെ ജല വിതരണത്തെയും പരിസ്ഥിതിയെയും രാജ്യാന്തര വെള്ളം പങ്കുവയ്ക്കലിനയും അടക്കം സാരമായി ബാധിക്കും.

Advertisement