ന്യൂ ഡെൽഹി :
പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നത് തടയാനായി സോണിയാ ഗാന്ധിയുടെ അടിയന്തര ഇടപെടല്‍. സോണിയയുടെ നിര്‍ദേശപ്രകാരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജി 23 ഗ്രൂപ്പിലെ പ്രമുഖനുമായ ആനന്ദ് ശര്‍മയോട് മല്ലികാര്‍ജുന്‍ ഖാര്‍ഗേ ചര്‍ച്ച നടത്തി.
‘പുനഃസംഘടനയില്‍ അര്‍ഹമായ പരിഗണന നല്‍കാമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗേ ആനന്ദ് ശര്‍മ്മയ്ക്ക് വാഗ്ദാനം നല്‍കിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ബിജെപി അദ്ധ്യക്ഷനുമായി ആനന്ദ് ശര്‍മ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സോണിയ ഗാന്ധിയുടെ ഇടപെടല്‍.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്ന് പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ രംഗത്തെത്തി. ജെപി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്നാണ് ആനന്ദ് ശര്‍മ്മയുടെ അവകാശവാദം. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമാണെന്നും ബിജെപി അധ്യക്ഷനുമായി തനിക്കുള്ളത് നല്ല വ്യക്തി ബന്ധമാണെന്നും ശര്‍മ്മ പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തോട് പലതവണ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത് വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്ബാണ് കൂടിക്കാഴ്ച്ചയെന്നതും ശ്രദ്ധേയമാണ്. ആനന്ദ് ശര്‍മ്മ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ച്ചയാണ് നടന്നതെന്ന വിശദീകരണവുമായി ആനന്ദ് ശര്‍മ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കളുടെ ജി 23 ഗ്രൂപ്പിലെ പ്രമുഖനാണ് ശര്‍മ.
‘തങ്ങള്‍ ഒരേ സര്‍വകലാശാലയില്‍ പഠിച്ചവരും ഹിമാചല്‍ പ്രദേശില്‍‍ നിന്നുള്ളവരുമായതിനാല്‍ കൂടിക്കാഴ്ചയെക്കുറിച്ച്‌ വെളിപ്പെടുത്തുന്നതില്‍ എനിക്ക് യാതൊരു പ്രശ്നവുമില്ല. നദ്ദയുമായി കുടുംബപരവുമായ ബന്ധമുണ്ട് എനിക്ക്. ഞാന്‍ പഠിച്ച സര്‍വകലാശാലയില്‍ നിന്നും വരുന്ന ഒരാള്‍ ഭരണകക്ഷിയുടെ പ്രസിഡന്റായതില്‍ സന്തോഷമാണ്. ജെപി നദ്ദയുമായി പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ അത് വ്യക്തിവൈരാഗ്യമല്ല. ഞാന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയതില്‍ രാഷ്ട്രീയ പ്രാധാന്യമില്ല. അങ്ങനെ വ്യാഖ്യാനിക്കേണ്ടതുമില്ല.” ശര്‍മ വ്യക്തമാക്കി.