മധ്യപ്രദേശ് : ഗൂഗിൾ മാപ്പിൽ ക്ഷേത്രത്തിന്‍റെ പേരിന് പകരം
പള്ളിയുടെ പേര് ആക്കി മാറ്റിയതായി പരാതി. മധ്യപ്രദേശിലെ രത്‌ലമിലാണ് സംഭവം. ഗൂഗിൾ മാപ്പിൽ തിരയുമ്പോൾ ക്ഷേത്രത്തിന് പകരം പള്ളിയാണ് കാണിക്കുന്നതെന്ന് സ്ഥലം എസിപി പറഞ്ഞു. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
സെക്ഷൻ 295 എ പ്രകാരം ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടപടിക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. അംബേമാതാ ക്ഷേത്രത്തിന്റെ പേര് കഹ്കാഷ പള്ളി എന്നാക്കി മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിൾ മാപ്പിൽ കൃത്രിമം കാണിച്ചാണ് മാറ്റിയത്. സംഭവത്തിനെതിരെ പ്രദേശവാസികളും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിന് പകരം പള്ളിയെ കാണിക്കുന്ന ഗൂഗിൾ മാപ്പിന്‍റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഗ്രാമത്തിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഒരു ലൊക്കേഷനോ വിലാസമോ ചേർക്കാനും എഡിറ്റുചെയ്യാനുമുള്ള ഓപ്ഷൻ ഗൂഗിൾ മാപ്സിനുണ്ട്. മതപരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചിലർ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.