എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം ഇരട്ടിയാക്കി

ന്യൂഡൽഹി: മന്ത്രിമാരുടെയും എംഎൽഎമാരുടെയും പ്രതിമാസ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇരട്ടിയായി വർദ്ധിപ്പിച്ച് ഡൽഹിയിലെ എഎപി സർക്കാർ.

മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, അംഗങ്ങൾ എന്നിവരുടെ ശമ്പളവും അലവൻസുകളും വർദ്ധിപ്പിക്കുന്നതിനായുള്ള ബില്ലുകൾ തിങ്കളാഴ്ചയാണ് ഡൽഹി നിയമസഭ പാസാക്കിയത്.

നിയമമന്ത്രി കൈലാഷ് ഗെലോട്ടാണ് ശമ്പളവും അലവൻസുകളും 66 ശതമാനം വർദ്ധിപ്പിക്കുന്നതിനുള്ള അഞ്ച് ഭേദഗതി ബില്ലുകൾ അവതരിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ എംഎൽഎമാരുടെ ശമ്പളവും അലവൻസും പ്രതിമാസം 54000 രൂപയിൽ നിന്ന് 90,000 രൂപയായി വർദ്ധിക്കും. മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരെ അപേക്ഷിച്ച് ഡൽഹി എംഎൽഎമാരുടെ ശമ്പളം ഏറ്റവും താഴ്ന്നതാണെന്ന് എഎപി സർക്കാർ പല അവസരങ്ങളിലും അവകാശപ്പെട്ടിരുന്നു.

പുതിയ ഭേദഗതി അനുസരിച്ച് ഡൽഹിയിലെ എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം മുപ്പതിനായിരം രൂപയാണ്. നിലവിൽ ഇത് 12,000 രൂപ ആയിരുന്നു. മണ്ഡലത്തിനുള്ള അലവൻസ് ഇനി 25000 രൂപയായി ഉയരും. 15000 രൂപയാണ് സെക്രട്ടേറിയൽ അലവൻസ്, 10,000 രൂപ ടെലിഫോൺ അലവൻസും 10,000 രൂപ ഗതാഗത അലവൻസും ലഭിക്കും.

Advertisement