അഞ്ച് കൊല്ലത്തിന് ശേഷം ഇഞ്ചി വിലയില്‍ കുതിപ്പ്

വയനാട്: അഞ്ച് കൊല്ലത്തിന് ശേഷം ഇഞ്ചിവിപണിയില്‍ വന്‍ കുതിപ്പ്. ആവശ്യക്കാരേറിയതോടെ വില കുതിച്ചുയരുകയാണ്.

ഒരു ചാക്ക് ഇഞ്ചിക്ക് 1850 രൂപയാണ് ഇപ്പോഴത്തെ വിപണി വില. ഒരു ചാക്കില്‍ അറുപത് കിലോ ഇഞ്ചി ഉണ്ടാകും. ഒരാഴ്ച മുമ്പ് വരെ നൂറ് രൂപ മുതല്‍ ആയിരം രൂപ വരെ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ കുതിപ്പ്. കഴിഞ്ഞ കൊല്ലം ഇതേ സമയം 1300 രൂപയായിരുന്നു ഒരു ചാക്ക് ഇഞ്ചിയുടെ വില. കര്‍ണാടകയില്‍ ഉയര്‍ന്ന നിലവാരമുള്ള ഒരു ചാക്ക് ഇഞ്ചിയുടെ വില രണ്ടായിരമാണ്.

ആവശ്യക്കാരേറിയതോടെ കര്‍ണാടകയിലെ മൈസുരി, ശിവമോഗ, ഹസാന്‍ തുടങ്ങിയ ജില്ലകളിലും വയനാട്ടിലെ ചില മേഖലകളിലും ഇഞ്ചിക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കര്‍ണാടകയില്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് വലിയതുക ഭൂമി ഉടമയ്ക്ക് നല്‍കേണ്ടി വരുന്നുണ്ട്. പാട്ടക്കരാര്‍ നീട്ടുന്നതിനും മറ്റുമായാണ് വലിയ തുക ചെലവാകുന്നത്. വലിയ വില കിട്ടുന്നതിലൂടെ ഇത് മറികടക്കാനാകുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ പങ്കുവച്ചു. കര്‍ണാടകയിലെ ഇഞ്ചി കൃഷിയുടെ 70ശതമാനവും വിളവെടുത്തു കഴിഞ്ഞു. 2013ല്‍ ഒരു ചാക്ക് ഇഞ്ചിയടെ വില 8500 രൂപ വരെ എത്തിയിരുന്നു. ഇഞ്ചിയുടെ വില വരും മാസങ്ങളില്‍ ഇനിയും വര്‍ദ്ധിക്കുമെന്നാണ് സൂചന.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള ഇഞ്ചിയുടെ വരവില്‍ വലിയ കുറവുണ്ട്. ഇതും വില വര്‍ദ്ധിക്കാന്‍ കാരണമായി. നാഗ്പൂര്‍ വിപണിയില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയും വില വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

കര്‍ണാടക, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാട്ടത്തിനെടുത്ത ഭൂമിയിലെ കൃഷി ചെയ്യുന്നത് ഇക്കുറി കുറഞ്ഞിരുന്നു. മുന് വര്‍ഷങ്ങളില്‍ വിലയിടിവ് മൂലം വലിയ നഷ്ടം നേരിട്ട പശ്ചാത്തലത്തിലാണ് കര്‍ഷകര്‍ ഇതില്‍ നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങിയത്.

Advertisement