ലഖ്നൗ: യുവതിയെ ഇണ കൈമാറ്റ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു.

ഡല്‍ഹിയിലെ പങ്കാളി കൈമാറ്റ പാര്‍ട്ടിയില്‍ നിര്‍ബന്ധിച്ചു കൊണ്ടുപോകുകയും ഭര്‍ത്താവിന്റെ സഹോദരനുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു.

കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനും സഹോദരനുമെതിരെ പൊലീസ് കേസ് എടുത്തത്. ബിസിനസുകാരനായ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി മുസാഫര്‍ നഗര്‍ അഡിഷണല്‍ ചീഫ് ജ്യൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവ് തന്നെ ഭീഷണിപ്പെടുത്തുകയും പങ്കാളി കൈമാറ്റപാര്‍ട്ടികളിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുന്ന കാര്യവും യുവതി കോടതിയെ അറിയിച്ചു.

2021ലായിരുന്നു ഇവര്‍ വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ഗുരുഗ്രാമിലേക്ക് താമസം മാറ്റി. ഇയാളുടെ രണ്ടാമത്തെ ഭാര്യയാണ് യുവതിയെന്നും പൊലീസ് പറയുന്നു. പങ്കാളി കൈമാറ്റ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചാല്‍ ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും ലൈംഗികമായി ദുരുപയോഗം ചെയ്യാറുണ്ടെന്നും യുവതി പറഞ്ഞു.

ഏപ്രില്‍ 24ന് ഗുരുഗ്രാമിലെ പൊലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവിന്റെ ഗുണ്ടകള്‍ തന്നെ തടഞ്ഞതായും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

ഭര്‍ത്താവിനും സഹോദരനുമെതിരെ ബലാത്സംഗം, വധശ്രമം, തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.