ന്യൂഡൽഹി: മൂന്നാഴ്ചക്കിടെ എട്ട് തവണ സ്‌പൈസ്‌ജെറ്റ് വിമാനങ്ങൾ വിവിധ തകരാറുകൾക്ക് നിലത്തിറക്കേണ്ടി വന്ന സാഹചര്യത്തിൽ കേന്ദ്ര വ്യോമയാന റെഗുലേറ്റർ, എയർലൈനിനോട് വിശദീകരണം തേടി.

സുരക്ഷിതവും വിശ്വസനീയവുമായ വിമാന സർവീസ് സ്ഥാപിക്കുന്നതിൽ സ്പൈസ് ജെറ്റ് പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയ ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയായരിുന്നു.

കാലാവസ്ഥാ റഡാർ പ്രവർത്തനരഹിതമായതിനെ തുടർന്ന് സ്‌പൈസ് ജെറ്റിന്റെ ഒരു കാർഗോ വിമാനം ചൊവ്വാഴ്ച കൊൽക്കത്തയിലേക്ക് തിരിച്ച് വിട്ടതായി ഇന്ന് സ്പൈസ് ജെറ്റ് എയർലൈൻ അറിയിച്ചിരുന്നു. ചൈനയിലെ ചോങ്കിംഗ് നഗരത്തിലേക്കുള്ള വിമാനത്തിന്റെ കാലാവസ്ഥാ റഡാർ പ്രവർത്തിക്കുന്നില്ലെന്ന് പൈലറ്റ് ടേക്ക് ഓഫ് ചെയ്തതിന് ശേഷമാണ് അറിയുന്നത്. കഴിഞ്ഞ 18 ദിവസത്തിനിടെ സ്പൈസ് ജെറ്റ് വിമാനത്തിൽ ഉണ്ടാകുന്ന എട്ടാമത്തെ സാങ്കേതിക തകരാറാണിത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന റെഗുലേറ്റർ വിശദീകരണം തേടി നോട്ടീസ് നൽകിയത്.

ഇന്ധന സൂചകത്തിലെ തകരാർ കാരണം ചൊവ്വാഴ്ച സ്പൈസ് ജെറ്റിന്റെ ഡൽഹി-ദുബായ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. ഇന്നലെ തന്നെ പറക്കുന്നതിനിടെ വിൻഡ്ഷീൽഡിന് വിള്ളലുണ്ടായതിനെത്തുടർന്ന് മറ്റൊരു സ്‌പൈസ്‌ജെറ്റ് വിമാനം മുംബൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു.

ജൂൺ 19ന് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ പക്ഷി ഇടിച്ചതിനെ തുടർന്ന് എഞ്ചിന് തീപിടിച്ച്‌ പട്‌ന-ഡൽഹി വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ജൂലൈ രണ്ടിന് ക്യാബിനിൽ പുക കണ്ടതിനെ തുടർന്ന് ജബൽപൂരിൽ നിന്ന് പുറപ്പെട്ട വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിളിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി സ്‌പൈസ് ജെറ്റ് നഷ്ടത്തിലാണ്. 2018-19, 2019-20, 2020-21 വര്ഷങ്ങളിൽ യഥാക്രമം 316 കോടി, 934 കോടി, 998 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്.