ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയ്‌ക്കെതിരെ രാജ്യമെമ്പാടും അന്വേഷണം. ഇതിന്റെ ഭാഗമായി രാജ്യത്തെ നാല്‍പ്പത് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ജമ്മു കശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലും ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. വിവോയുടെ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഫയല്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജമ്മുകശ്മീരിലെ ഒരു ഒരു വിതരണക്കാരനെതിരെയാണ് പരാതി. കമ്പനിയുടെ രണ്ട് ഓഹരി പങ്കാളികളുടെ വ്യാജ രേഖകള്‍ സംബന്ധിച്ചാണ് പരാതി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം കൃത്രിമത്വം കള്ളപ്പണം വെളുപ്പിക്കാനാണെന്നാണ് ഇഡി സംശയിക്കുന്നത്.

വിവോയുടെ നിരവധി ഷെല്‍ കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതായി മനസിലായിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കി. ഇവ കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇഡി പറയുന്നു.

അതേസമയം അധികൃതര്‍ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും നല്‍കിത്തന്നെയാണ് തങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന് വിവോ പ്രസ്താവനയില്‍ അറിയിച്ചു. നിയമങ്ങള്‍ എല്ലാം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനി എന്ന നിലയില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കമ്പനി പറഞ്ഞു.

2020ല്‍ മീററ്റ് പൊലീസ് വിവോയ്‌ക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 13,500ഫോണുകള്‍ നിര്‍മ്മിച്ച കമ്പനി ഇതേ നമ്പരുകളുള്‌ള രാജ്യാന്തര ഉപയോഗത്തിനുള്ള ഫോണുകളും നിര്‍മ്മിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്.