മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും


മുംബൈ: ഇന്നലെ രാത്രിയും ഇന്ന് പകലുമായി പെയ്ത മഴയില്‍ മുംബൈ നഗരവും പരിസരവും വെള്ളക്കെട്ടായി. ഇത് കടുത്ത ഗതാഗത തടസവും ഉണ്ടാക്കി.

സയണ്‍, അന്ധേരി, ഘാട്ട്‌കോപ്പര്‍, ചെമ്പൂര്‍, ധാരാവി, ദാദര്‍, വടാല, പനവേല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍തോതില്‍ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. ട്രാക്കുകളില്‍ വെള്ളം കയറിയതോടെ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും സ്തംഭിച്ചു. പനവേല്‍, ഖാന്തേശ്വര്‍, മാനസരോവര്‍ സ്റ്റഷനുകളില്‍ വെള്ളം കയറി. സയണ്‍, ചെമ്പൂര്‍, ബാന്ദ്ര, എയര്‍ ഇന്ത്യ കോളനി, കുര്‍ല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രെയിന്‍ വഴി തിരിച്ച് വിട്ടു.

24 മണിക്കൂറിനിടെ 95.81 മില്ലിമീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. പശ്ചിമ പൂര്‍വ്വ മേഖലകളില്‍ 115.09 ,116.73 മില്ലിമീറ്റര്‍ മഴവീതമാണ് ലഭിച്ചത്. അടുത്ത കുറച്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

രത്‌നഗിരി ജില്ലയിലെ ചിപ്ലൂണില്‍ മണ്ണിടിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന സര്‍വസജ്ജമായി നിലയുറപ്പിക്കണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നിര്‍ദ്ദേശിച്ചു.

Advertisement