നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍; സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമര്‍ശനം

Advertisement


ന്യൂഡല്‍ഹി: നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ കടുത്ത വിമര്‍ശനം. 15 മുന്‍ ജഡ്ജിമാരും 77 വിരമിച്ച ഉദ്യോഗസ്ഥരും 25 വിരമിച്ച സൈനിക ഉദ്യോഗസ്ഥരും അടക്കമുള്ളവരാണ് സുപ്രീം കോടതി പരാമര്‍ശത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

രാജ്യത്ത് നടക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തിന് നുപൂര്‍ശര്‍മ്മ മാത്രമാണ് ഉത്തരവാദിയെന്ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം ഉദയ്പൂര്‍ കൊലപാതകത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ഇവര്‍ എഴുതിയ തുറന്ന കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനാണ് ഉദയപൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. രാജ്യമെമ്പാടും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് ഒരെണ്ണമാക്കി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ആണ് നുപൂര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കോടതി നുപൂറിന്റെ ഹര്‍ജി തള്ളി. നുപൂറിന്റെ വിടുവായത്തം രാജ്യത്തെ മൊത്തം കത്തിക്കുന്നുവെന്ന്ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. നുപൂറിന്റെ പരാമര്‍ശങ്ങള്‍ ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയോ പ്രശസ്തി നേടാനോ വേണ്ടി ആയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം കോടതിയുടെ ഈ നിരീക്ഷണങ്ങള്‍ ഒന്നും അന്തിമ വിധിയുടെ ഭാഗമല്ല.

ജസ്റ്റിസുമാരായ സൂര്യകാന്ത് ജെ ബി പര്‍ദിവാല എന്നിവരില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഇന്ന് അയച്ച തുറന്ന കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവം നീതിന്യായ സംവിധാനത്തില്‍ മുമ്പ് കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നുപൂറിന്റെ ഹര്‍ജിയുമായി യാതൊരു ബന്ധവുമില്ലാത്ത പരാമര്‍ശങ്ങളാണിത്. ഇവരുടെ ഹര്‍ജി തള്ളിയതിലൂടെ ഭരണഘടനയുടെ അന്തഃസത്തയെ ഹനിച്ചിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. നുപൂറിന്റെ സംഭവത്തില്‍ പരമോന്നത കോടതി തങ്ങളുടെ വിശുദ്ധി കാത്ത് സൂക്ഷിച്ചില്ല.

117 പേരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. ഇവരില്‍ ബോംബൈ ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് ക്ഷിതിജ് വ്യാസ്, ഗുജറാത്ത് ഹൈക്കോടതി മുന്‍ ജഡ്ജി എസ് എം സോണി, രാജസ്ഥാന്‍ ഹൈക്കോടതി മുന്‍ ജഡ്ജിമാകായ ആര്‍ എസ് റാത്തോഡ്, പ്രശാന്ത് അഗര്‍വാള്‍, മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ് എന്‍ ധിന്‍ഗ്ര, മുന്‍ ഐഎസ് ഉദ്യോഗസ്ഥരായ ആര്‍ എസ് ഗോപാലന്‍, എസ് കൃഷ്ണകുമാര്‍, മുതിര്‍ന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ എസ് പി വേദ് , പി സി ദോഗ്ര, ലഫ്റ്റനന്റ് ജനറല്‍ വി കെ ചതുര്‍വേദി, എയര്‍ മാര്‍ഷല്‍ എസ് പി സിങ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

Advertisement