പുലിറ്റ്‌സര്‍ ജേതാവും കശ്മീരി ഫോട്ടോ ജേണലിസ്റ്റുമായ സന ഇര്‍ഷാദിന് വിദേശയാത്രാ വിലക്ക്

ന്യൂഡല്‍ഹി: കശ്മീരി ഫോട്ടോ ജേര്‍ണലിസ്റ്റും പുലിറ്റ്‌സര്‍ പ്രൈസ് ജേതാവുമായ സന ഇര്‍ഷാദ് മട്ടുവിന് വിദേശയാത്ര വിലക്ക്.

ഡല്‍ഹി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സന ഇര്‍ഷാദ് മട്ടുവിനെ തടഞ്ഞു. ശനിയാഴ്ച ഫ്രാന്‍സിലേക്ക് പോകാനിരിക്കെയായിരുന്നു സംഭവം.

ഫ്രാന്‍സിലെ ഒരു പുസ്ത പ്രകാശന ചടങ്ങിനും ഫോട്ടോ പ്രദര്‍ശനത്തിനും പങ്കെടുക്കാനായാണ് സന ഇര്‍ഷാദ് വിമാനത്താവളത്തിലെത്തിയത്.

യാത്ര വിലക്കിനുള്ള കാരണം പോലും ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കിയില്ലെന്ന് സന ട്വീറ്റ് ചെയ്തു. അതേസമയം അന്താരാഷ്ട്ര യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളവരുടെ പട്ടികയില്‍ സന ഇര്‍ഷാദ് മട്ടുവിനെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് വിവരം.

2019 സെപ്റ്റംബറില്‍ കശ്മീരി പത്രപ്രവര്‍ത്തകനായ ഗൗഹര്‍ ഗീലാനിയെ ജര്‍മ്മനിയിലേക്കുള്ള യാത്രാമധ്യേ ഡല്‍ഹി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം, മാധ്യമപ്രവര്‍ത്തകനും അക്കാദമിഷ്യനുമായ സാഹിദ് റഫീഖിനെ യു എസിലേക്കുള്ള യാത്രയില്‍ നിന്നും ജമ്മു കശ്മീര്‍ ഭരണകൂടം തടഞ്ഞിരുന്നു.

28 കാരിയായ സന ഇര്‍ഷാദ് മട്ടൂ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സില്‍ ആണ് ഫോട്ടോ ജേണലിസ്റ്റായി ജോലി ചെയ്യുന്നത്. ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ കവറേജിന് മറ്റ് മൂന്ന് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം ഫീച്ചര്‍ ഫോട്ടോഗ്രാഫിയിലെ 2022 ലെ പുലിറ്റ്‌സര്‍ സമ്മാനം സന ഇര്‍ഷാദ് നേടിയിരുന്നു.

Advertisement