സുബൈറിന്റെ ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിന് ഹൈക്കോടതി നോട്ടീസ്

ന്യൂഡല്‍ഹി: തന്റെ റിമാന്‍ഡിനെ ചോദ്യം ചെയ്ത് ഡല്‍ഹി പൊലീസിനെതിരെ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. 2018ല്‍ ഹിന്ദു ദൈവത്തിനെതിരെ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സുബൈറിനെ അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ഡല്‍ഹി ഹൈക്കോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നാല് ദിവസത്തെ സുബൈറിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ജസ്റ്റിസ് സഞ്ജീവ് നരുള്ളയാണ് സുബൈറിന്റെ ഹര്‍ജി പരിഗണിച്ചത്. വിചാരണ കോടതി സുബൈറിനെ നാല് ദിവസത്തേക്ക് ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. കേസില്‍ തുടര്‍വാദങ്ങള്‍ ഈ മാസം 27ന് നടക്കും.

വിചാരണ കോടതി നടപടികള്‍ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിക്ക് മുന്നിലുള്ള ഹര്‍ജിയുടെ പേരില്‍ ഇതിന് യാതൊരു തടസവും ഉണ്ടാക്കേണ്ടതില്ലെന്നും ജസ്റ്റിസ് നരുള്ള ചൂണ്ടിക്കാട്ടി.

പ്രാദേശിക കോടതി ചൊവ്വാഴ്ചയാണ് നാല് ദിവസം അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണ സംഘത്തോട് സുബൈര്‍ സഹകരിക്കുന്നില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്.

ട്വീറ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. റിമാന്‍ഡ് ഉത്തരവ് തികച്ചും യാന്ത്രികമായാണ് പാസാക്കിയതെന്ന് സുബൈറിന് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവര്‍ വാദിച്ചു. മാത്രമല്ല ഇത് അദ്ദേഹത്തിന്റെ സ്വകാര്യതയെ ലംഘിച്ചും എന്നും അവര്‍ ചൂണ്ടിക്കാട്ടി. അന്വഷണോദ്യോഗസ്ഥര്‍ മുമ്പും മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് സുബൈറിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement