ന്യൂഡെല്‍ഹി.രാജ്യത്ത് ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ഏക ഉത്തരവാദി നൂപുര്‍ ശര്‍മയാണ് എന്ന് സുപ്രീം കോടതി.

തന്റെ പ്രവാചകനിന്ദാ പരാമര്‍ശങ്ങളില്‍ രാജ്യത്തോട് മുഴുവന്‍ മാപ്പ് പറയണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വിവിധ സംസ്ഥാനങ്ങളില്‍ തനിയ്‌ക്കെതിരെയുള്ള എഫ്‌ഐആര്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് നൂപുര്‍ മാത്രമാണ് ഉത്തരവാദി എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തന്റെ പരാമര്‍ശത്തിലൂടെ രാജ്യം മുഴുവന്‍ കലാപഭൂമിയാക്കി മാറ്റുകയാണ് നൂപുര്‍ ചെയ്തത്. ഉദയ്പൂരില്‍ ഒരു തയ്യല്‍ക്കാരന്‍ കൊല്ലപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവത്തിന് നൂപുര്‍ ആണ് ഉത്തരവാദി എന്നും ഹര്‍ജി പരിഗണിച്ച ജഡ്ജി സൂര്യ കാന്ത് പറഞ്ഞു.

നൂപുര്‍ ഭീഷണി നേരിടുന്നുവോ? അതോ നൂപുര്‍ രാജ്യത്തിന് സുരക്ഷാ ഭീഷണിയായി മാറിയോ? രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ വികാരങ്ങള്‍ ആളിക്കത്തിച്ച രീതി, രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ഈ സ്ത്രീ ഒറ്റയ്ക്ക് ഉത്തരവാദിയാണ്,’ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

മുംബൈയും പൂനെയും തമിഴ്നാട് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നൂപുറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ, തന്റെ ജീവന് ഭീഷണിയുണ്ടെന്നും മുന്‍ ബിജെപി വക്താവ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ വാര്‍ത്തയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ചാനല്‍ ചര്‍ച്ചയില്‍ നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമര്‍ശമാണ് വന്‍ വിവാദത്തിന് വഴി തെളിച്ചത്.

ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകനിന്ദ നടത്തിയെന്ന ആരോപത്തില്‍ നൂപുറിന്റെ പ്രാഥമിക അംഗത്വം ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം, മുഹമ്മദ് നബിക്കെതിരെ പാര്‍ട്ടി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ നിന്ന് ബിജെപി അകലം പാലിയ്ക്കുകയാണ് ഉണ്ടായത്. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ശമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എല്ലാ മതങ്ങളെയും പാര്‍ട്ടി ബഹുമാനിക്കുന്നുവെന്നും ഒരു മതത്തിലെയും ബഹുമാന്യരായ ആളുകളെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.