ചെന്നൈ: ഗർഭിണിയായ പതിനഞ്ചുകാരി മരിച്ച സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലുള്ള ചെങ്കം എന്ന സ്ഥലത്താണ് സംഭവം.

ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രം നടത്താനായാണ് ഗുളിക കഴിച്ചത്.

മുരുഗൻ(27) ആണ് പോലീസ് പിടിയിലായത്. പെൺകുട്ടിയെ ദിവസവും സ്കൂളിൽ കൊണ്ടുപോയിരുന്നത് യുവാവായിരുന്നു. ഇതിനിടയിൽ ഇരുവരും അടുപ്പത്തിലായി. തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെ മുരുഗൻ സുഹൃത്തിന്റെ സഹായത്താൽ ഗർഭഛിദ്ര ഗുളിക സംഘടിപ്പിക്കുകയായിരുന്നു. പ്രഭു(27) എന്നയാളാണ് മുരുഗന് ഗുളിക എത്തിച്ചു നൽകിയത്.

ഗുളികയുമായി എത്തിയ മുരുഗൻ പതിവ് പോലെ പെൺകുട്ടിയെ സ്കൂളിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി. വഴിയിൽ വെച്ച്‌ പെൺകുട്ടി ഗുളിക കഴിച്ചു. എന്നാൽ സ്കൂളിൽ എത്തുന്നതിന് മുമ്പ് പെൺകുട്ടി അബോധാവസ്ഥയിലായി.

തുടർന്ന് മുരുഗൻ തന്നെയാണ് പെൺകുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ പെൺകുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. തുടർന്ന് തുരുവണ്ണാമലൈ സർക്കാർ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് മുരുഗനെ അറസ്റ്റ് ചെയ്തത്. മുരുഗനൊപ്പം സുഹൃത്ത് പ്രഭുവിനേയും കസ്റ്റഡിയിൽ എടുത്തു.